യുവാവിനെ കഞ്ചാവ് കേസില്‍ പെടുത്തി സിഐ പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍
പ്പനങ്ങാടി മല്‍സ്യ മാര്‍ക്കറ്റില്‍വച്ചാണ് മത്സ്യ വ്യാപാരിയായ പി പി ഷാഹുലിനെ പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് മാര്‍ക്കറ്റില്‍ ഇരിക്കുകയായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം പോലിസ് സ്‌റ്റേഷനിലേക്ക് നിര്‍ബന്ധിച്ച് കൂട്ടി കൊണ്ടുപോയത്. അര മണിക്കൂറിനകം സ്‌റ്റേഷനില്‍ നിന്ന് പോകാന്‍ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിക്കുന്ന ആളായി ചിത്രീകരിച്ച് കള്ളക്കേസ് ചുമത്തി മാധ്യമങ്ങള്‍ക്ക് പടം നല്‍കി അപമാനിക്കുകയായിരുന്നുവെന്ന് ഷാഹുലിന്റെ ബന്ധുക്കള്‍ പറയുന്നു.
പരപ്പനങ്ങാടി: നിരപരാധിയായ യുവാവിനെ കഞ്ചാവ് കേസില്‍ പെടുത്തി പരപ്പനങ്ങാടി സിഐ പീഡിപ്പിച്ചതായി ബന്ധുക്കള്‍. മത്സ്യ വ്യാപാരിയായ യുവാവിനെ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി പോലിസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് പടം പ്രസിദ്ധീകരിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി മല്‍സ്യ മാര്‍ക്കറ്റില്‍വച്ചാണ് മത്സ്യ വ്യാപാരിയായ പി പി ഷാഹുലിനെ പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് മാര്‍ക്കറ്റില്‍ ഇരിക്കുകയായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം പോലിസ് സ്‌റ്റേഷനിലേക്ക് നിര്‍ബന്ധിച്ച് കൂട്ടി കൊണ്ടുപോയത്. അര മണിക്കൂറിനകം സ്‌റ്റേഷനില്‍ നിന്ന് പോകാന്‍ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിക്കുന്ന ആളായി ചിത്രീകരിച്ച് കള്ളക്കേസ് ചുമത്തി മാധ്യമങ്ങള്‍ക്ക് പടം നല്‍കി അപമാനിക്കുകയായിരുന്നുവെന്ന് ഷാഹുലിന്റെ ബന്ധുക്കള്‍ പറയുന്നു.
കഞ്ചാവ് കേസില്‍ പെട്ടവരുടെ കൂട്ടത്തില്‍ ഷാഹുലിന്റെ പടം കണ്ട് വാര്‍ത്ത വരുന്നതിന് മുമ്പെ ചില മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് ഷാഹുല്‍ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനിലെത്തി സിഐ ഹണി കെ ദാസിനോട് തന്റെ പടം കൊടുത്തതിനെ പറ്റി ആരാഞ്ഞപ്പോള്‍ സിഐ തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു. പിന്നീടാണ് പത്രങ്ങളില്‍ വാര്‍ത്ത വരുന്നതും കഞ്ചാവ് കേസിലെ പ്രതികളുടെ കൂട്ടത്തില്‍ തന്റെ പടം കാണുന്നതും.
സ്‌റ്റേഷനില്‍വച്ച് സിഐ തന്റെ പടം നിര്‍ബന്ധിച്ച് എടുക്കുകയായിരുന്നു. സമൂഹ മധ്യത്തില്‍ തനിക്കും കുടുംബത്തിനുമേറ്റ മാനഹാനി വലുതാണന്നും ഇവര്‍ പറയുന്നു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും പതാവാക്കിയിരിക്കുകയാണ് സിഐ ഹണി കെ ദാസ് എന്നും ഇവര്‍ ആരോപിക്കുന്നു.
സിഗററ്റ് പോലും വലിക്കാത്ത തന്നെയാണ് കഞ്ചാവ് വില്‍പ്പനക്കാരനായി മാറ്റിയതെന്ന് ഷാഹുല്‍ പറയുന്നു. പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയ തന്നെ നിരപരാധിയാണെന്ന് കണ്ട് ഒരു മണികൂറിനകം വിട്ടയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പരപ്പനങ്ങാടി പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഹുലും സഹോദരന്‍ പി പി അക്ബര്‍, പിതാവ് സിദ്ധീഖ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.