അന്തര്‍ സംസ്ഥാന മോഷ്ടാവ് നാട്ടുകാരുടെ പിടിയില്‍; പിടികൂടാന്‍ സഹായകമായത് വാട്‌സ്ആപ്പ് കൂട്ടായ്മ
പയ്യോളി സിഐ എംആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി കെ സുജിത്താണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.
പയ്യോളി(കോഴിക്കോട്): തിങ്കളാഴ്ച രാത്രി തിക്കോടിയില്‍ നാട്ടുകാരുടെ പിടിയിലായ മോഷ്ടാവിന് അന്തര്‍ സംസ്ഥാന ബന്ധം. പാലക്കാട് നെല്ലായ എഴുവന്തല ചക്കിങ്ങത്തൊടിയില്‍ നൗഷാദ് (42)നെയാണ് നാട്ടുകാര്‍ സാഹസികമായി പിടികൂടിയത്. ഇയാള്‍ക്ക് പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് പുറമെ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മോഷണക്കേസ് ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
തനിച്ച് സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. തിങ്കളാഴ്ച്ച രാത്രി പത്തരക്ക് വിദേശത്തുള്ള തിക്കോടി തട്ടാന്റവിട ലത്തീഫിന്റെ വീട്ടില്‍ കയറുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. നേരത്തെ കള്ളന്റെ ശല്യമുള്ള പ്രദേശത്ത് നാട്ടുകാര്‍ 'അലര്‍ട്ട്' എന്ന പേരില്‍ വാട്‌സാആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തിച്ച് വരികയായിരുന്നു. രാത്രി ഒന്‍പതരയോടെ സമീപത്തെ വീടിന്റെ വാതിലില്‍ മുട്ടിയെന്ന സന്ദേശം ലഭിച്ചതിന് ശേഷം അതീവ ജാഗ്രതയിലായിരുന്നു ഗ്രൂപ്പ് അംഗങ്ങള്‍. കുട്ടികള്‍ ജനാലക്കരികില്‍ കൈയ്യുറ ധരിച്ച കൈകളും തലയും കണ്ടതിനെ തുടര്‍ന്നു നിലവിളിച്ചതോടെ മോഷ്ടാവ് വീടിന് മുകളില്‍ നിന്ന് താഴേക്ക് എടുത്ത് ചാടി. തുടര്‍ന്ന് വീട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് കള്ളന്‍ വലയിലാവാന്‍ ഇടയായത്.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ വാട്‌സാപ്പ് വഴിയുള്ള സന്ദേശം ലഭിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി കീഴ്‌പ്പെടുത്തി പോലിസിന് കൈമാറുകയായിരുന്നു. ഒത്തശരീരവും ആരോഗ്യവാനുമായ ഇയാള്‍ ധരിച്ചത് കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീ ഷര്‍ട്ടുമാണ്. മോഷണത്തിനായി ഉപയോഗിയ്ക്കുന്ന വസ്തുക്കളും ഇയാളില്‍ നിന്ന് കണ്ടെത്തിടുണ്ട്. തിക്കോടിയില്‍ അടുത്ത ദിവസങ്ങളിലായി നടന്ന മോഷണക്കേസുകളില്‍ പ്രതിക്ക് ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിച്ച് വരികയാണ്. പയ്യോളി സിഐ എംആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി കെ സുജിത്താണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.