പെരിന്തല്‍മണ്ണ: ദേശീയപാത തിരൂര്‍ക്കാട് തടത്തില്‍ വളവില്‍ കണ്ടയ്‌നര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരു ലോറികളും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തെ തുടര്‍ന്ന് ആളിപടര്‍ന്ന തീ പെരിന്തല്‍മണ്ണയില്‍ നിന്നും എത്തിയ ഫയര്‍ സര്‍വീസ് യൂനിറ്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നിയന്ത്രണ വിധേയമാക്കി. പുലര്‍ച്ചെ 12:30 ഓടെയാണ് അപകടമുണ്ടായത്.
ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പ് ആയ ഫഌപ്കാര്‍ട്ടിന്റെ കണ്ടെയ്‌നര്‍ ലോറിയും വാഹനങ്ങള്‍ കൊണ്ടു പോവുന്ന കാലിയായ വണ്ടിയും കൂട്ടിയിടിക്കുകയായിരുന്നു. ഫഌപ്കാര്‍ട്ട് ലോറിയിലെ പാര്‍സലുകളടക്കം കണ്ടെയ്‌നര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങളിലെയും ജീവനക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് പാലക്കാട് സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായ തടത്തില്‍ വളവില്‍ റോഡ് നിര്‍മാണത്തിലെ അപാകത മുന്‍പും നിരവധി വാഹനാപകടങ്ങള്‍ക്കു കാരണമായിട്ടുണ്ട്.