കെ സുധാകരന്‍ തരൂരിന് ഒരു ഫോണ്‍ കോള്‍ ചെയ്തിരുന്നെങ്കില്‍ തിരുവല്ലം ടോള്‍ പ്രശ്‌നം പരിഹരിച്ചേനെ; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കില്‍ തിരുവല്ലം ടോള്‍പിരിവ് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി എന്ന നിലയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് പ്രശ്‌നം ചൂണ്ടിക്കാട്ടി താന്‍ കത്ത് നല്‍കിയിട്ടുണ്ട്. പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടിയും തന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയ്ക്ക് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ശശി തരൂര്‍ എംപി ശ്രമിക്കേണ്ടതായിരുന്നു.
മലയാളി കേന്ദ്രമന്ത്രി വി മുരളീധരനും സമരത്തിന് ആധാരമായ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. ദേശീയപാത സംബന്ധിച്ച നയപരമായ തീരുമാനം കേന്ദ്രസര്‍ക്കാരാണ് എടുക്കേണ്ടത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശശിതരൂരിന് ഇടപെടാമായിരുന്നു. ഇക്കാര്യത്തില്‍ മാത്രമല്ല തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും ശശിതരൂരിന്റെ സാന്നിധ്യമോ ശ്രദ്ധയോ ഉണ്ടാകാറില്ല. ഇതിനു പരിഹാരം കാണാനുള്ള നിര്‍ദ്ദേശവും കെപിസിസി പ്രസിഡന്റ് എംപിക്ക് നല്‍കണം.
റോഡ് പണി പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരുവല്ലത്ത് ടോള്‍പിരിവ് ആരംഭിച്ചിട്ടുള്ളത്. സര്‍വീസ് റോഡുകളും പൂര്‍ത്തീകരിച്ചിട്ടില്ല. കൃത്യമായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് മഴപെയ്താല്‍ പരിസരത്ത് വെള്ളക്കെട്ടാണ്. ഇതൊന്നും തിരുവനന്തപുരം എംപി അറിഞ്ഞമട്ടില്ല എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.