കുന്നംകുളത്ത് അജ്ഞാത രൂപം : തൃശൂര്‍ ജില്ലാ പോലിസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി
അജ്ഞാത മനുഷ്യനെ ആരും നേരിട്ട് കണ്ടിട്ടില്ലെന്നും കൊവിഡ് കാലത്ത് പുറത്ത് ഇറങ്ങാനുള്ള ചിലരുടെ ശ്രമം ആണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നു ഹരജി തീര്‍പ്പാക്കിയ കോടതി ജില്ലാ പോലിസ് മേധാവിയോട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.വടക്കേക്കാട്, ഗുരുവായൂര്‍, കുന്നംകുളം എന്നീ സ്റ്റേഷനുകളിലാണ് അജ്ഞാത രൂപത്തെ പറ്റി പരാതി വന്നത്
കൊച്ചി: തൃശൂരിലെ കുന്നംകുളത്ത് അജ്ഞാത രൂപം ഭീതി പടര്‍ത്തിയ സംഭവത്തില്‍ തൃശൂര്‍ ജില്ലാ പോലിസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. രാജേഷ് എസ് നായര്‍ എന്നയാളാണ് അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. അജ്ഞാത മനുഷ്യനെ ആരും നേരിട്ട് കണ്ടിട്ടില്ലെന്നും കൊവിഡ് കാലത്ത് പുറത്ത് ഇറങ്ങാനുള്ള ചിലരുടെ ശ്രമം ആണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നു ഹരജി തീര്‍പ്പാക്കിയ കോടതി ജില്ലാ പോലിസ് മേധാവിയോട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വടക്കേക്കാട്, ഗുരുവായൂര്‍, കുന്നംകുളം എന്നീ സ്റ്റേഷനുകളിലാണ് അജ്ഞാത രൂപത്തെ പറ്റി പരാതി വന്നത്. ഇക്കാര്യത്തില്‍ ചില അറസ്റ്റുകള്‍ നടത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊവിഡ് നിയന്ത്രണം മറികടന്ന് നിരത്തിലിറങ്ങാന്‍ ചിലര്‍ നടത്തുന്ന ശ്രമമാകാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഗുരുവായൂരില്‍ അജ്ഞാത രൂപത്തെ തേടിയിറങ്ങിയ ആറ് പേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ലോക് ഡൗണ്‍ ലംഘിച്ച് കൂട്ടമായി പുറത്തിറങ്ങിയതിനാണ് കേസ്. അജ്ഞാത രൂപത്തെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചിരുന്നു.