ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടോം ജോസിനെ പുറത്താക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
ഡിജിപിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് ജനാധിപത്യ ഭരണകൂടത്തിന് മുകളില്‍ അധികാര കേന്ദ്രമായി വര്‍ത്തിക്കുന്നതിന് മുഖ്യമന്ത്രി വളംവച്ചുകൊടുക്കയാണോ എന്ന് വ്യക്തമാക്കണം
തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയില്‍ നാലുപേരെ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനം നിയമവരുദ്ധവും ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട സര്‍വീസ് ചട്ട മര്യാദകളുടെ ലംഘനവുമാണെന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പുറത്താക്കണം. അരുംകൊലകളെ ന്യായീകരിക്കുന്ന സിപിഎമ്മിന്റെ മെഗാഫോണായാണ് ചീഫ് സെക്രട്ടറി ലേഖനമെഴുതിയത്. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം ബാധകമല്ലെന്ന തികച്ചും നിയമവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ചീഫ് സെക്രട്ടറിക്ക് ധൈര്യം വന്നത് കേരളത്തിലെ മന്ത്രിസഭയുടെ കഴിവില്ലായ്മയാണ്. ഡിജിപിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് ജനാധിപത്യ ഭരണകൂടത്തിന് മുകളില്‍ അധികാര കേന്ദ്രമായി വര്‍ത്തിക്കുന്നതിന് മുഖ്യമന്ത്രി വളംവച്ചുകൊടുക്കയാണോ എന്ന് വ്യക്തമാക്കണം. നിയമവാഴ്ചയിലും ജനാധിപത്യ ഭരണകൂടത്തിലും പരസ്യമായ അവിശ്വാസം പ്രഖ്യാപിച്ച ഒരാള്‍ക്ക് സംസ്ഥാനത്തെ ചീഫ് സെക്രട്ടറി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ലയ അടിയന്തിരമായി അദ്ദേഹത്തെ പുറത്താക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.