കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തിലെ പീരങ്കി മാറ്റുന്നതിനെതിരേ നിയമസഭയിലും പ്രതിഷേധം
പറങ്കിപ്പടയ്‌ക്കെതിരേ പടപൊരുതുകയും സാമൂതിരിയുടെ പടത്തലവനായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്ത കുഞ്ഞാലി മരയ്ക്കാരുടെ മ്യൂസിയത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് അവിടെ നിന്നും പീരങ്കികള്‍ എടുത്തുമാറ്റാനുള്ള നീക്കമെന്ന് പാറയ്ക്കല്‍ അബ്ദുല്ല പറഞ്ഞു.
പയ്യോളി: കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തില്‍നിന്ന് പീരങ്കികള്‍ എടുത്തുമാറ്റുന്നതിനെതിരായ പ്രതിഷേധം നിയമസഭയിലും. കുറ്റിയാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുല്ലയാണ് സബ്മിഷനിലൂടെ ഏറെ വിവാദമായ പീരങ്കി വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്. പറങ്കിപ്പടയ്‌ക്കെതിരേ പടപൊരുതുകയും സാമൂതിരിയുടെ പടത്തലവനായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്ത കുഞ്ഞാലി മരയ്ക്കാരുടെ മ്യൂസിയത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് അവിടെ നിന്നും പീരങ്കികള്‍ എടുത്തുമാറ്റാനുള്ള നീക്കമെന്ന് പാറയ്ക്കല്‍ അബ്ദുല്ല പറഞ്ഞു. പുരാവസ്തുവിന്റെ കീഴിലുള്ള കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവും മ്യൂസിയവും കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികളടക്കമുള്ള ചരിത്രാന്വേഷികളുടെ കേന്ദ്രം കൂടിയുമാണ് കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം.
എന്നാല്‍, കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചരിത്രപുരുഷന്റെ സ്മരണകള്‍ ഉയര്‍ത്തുന്ന യാതൊന്നും മ്യൂസിയത്തിലില്ലെന്നും പാറയ്ക്കല്‍ അബ്ദുല്ല എംഎല്‍എ കുറ്റപ്പെടുത്തി. ഇരിങ്ങല്‍പാറ കഞ്ഞാലി മരയ്ക്കാരുടെ റഡാര്‍ കേന്ദ്രമായിരുന്നു. ഇവിടെ കേന്ദ്രീകരിച്ചായിരുന്നു കടല്‍പ്പോരാളികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നത്. പാറ നില്‍ക്കുന്ന സ്ഥലം ഉള്‍പ്പടെയുള്ള 28 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ ടൂറിസം വകുപ്പിന്റെ കീഴില്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് ആരംഭിച്ചപ്പോള്‍ അവിടെ കുഞ്ഞാലി മരയ്ക്കാര്‍ കോട്ടയുടെ രൂപം പണിയുമെന്ന ഉറപ്പും സര്‍ക്കാര്‍ ലംഘിക്കുകയാണ് ചെയ്തത്.
2007 ല്‍ പദ്ധതി സംബന്ധിച്ച് പ്രമുഖ മലയാള പത്രത്തില്‍ 'ദേശസ്‌നേഹത്തിന്റെ രണസ്മൃതിയില്‍ മരയ്ക്കാര്‍ കോട്ടയ്ക്ക്പുനര്‍ജന്‍മം' എന്ന തലക്കെട്ടില്‍ രേഖാചിത്രം പ്രസിദ്ധപ്പെടുത്തുകയും അവിടെ കുഞ്ഞാലി മരയ്ക്കാരുടെ യുദ്ധക്കപ്പലിന്റെ മോഡല്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ട് ഇതൊന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നതിന്റെ തെളിവാണ് കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തില്‍നിന്ന് പീരങ്കികള്‍ എടുത്തുമാറ്റാനുള്ള നീക്കമെന്നും പാറയ്ക്കല്‍ അബ്ദുല്ല പറഞ്ഞു. അതേസമയം, മ്യൂസിയത്തില്‍നിന്ന് പീരങ്കികള്‍ തലശ്ശേരിയിലേക്ക് മാറ്റുന്നതിനെതിരേ വലിയ ജനരോഷമാണ് കോട്ടയ്ക്കല്‍ പ്രദേശത്ത് ഉയരുന്നത്. കഴിഞ്ഞ ദിവസം പോലിസിന്റെ അകമ്പടിയോടെ പീരങ്കികള്‍ എടുത്തുമാറ്റാനുള്ള നീക്കത്തിന്നെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.