മഹാരാജാസിലെ മരം കൊള്ള: പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചു; അന്വേഷണത്തിന് മൂന്നംഗ സമിതി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മരം കൊള്ള വിവാദത്തെത്തുടര്‍ന്ന് ആരോപണവിധേയനായ പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജോര്‍ജ് അവധിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധിയില്‍ പോവാന്‍ തീരുമാനിച്ചത്. കോളജ് വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കോളജില്‍നിന്നും അനധികൃതമായി മരം കടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ കോളജ് വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ എ എം ജ്യോതിലാല്‍ അന്വേഷണം നടത്തും. കമ്മീഷന്‍ കോളജിലെത്തി തെളിവെടുക്കും. അന്വേഷണവിധേയമായി മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെയും ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ അഞ്ചുമണിക്കൂറോളം തടഞ്ഞുവച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ 11.30ന് ആരംഭിച്ച സമരം വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. അന്വേഷണം കഴിയുംവരെ പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിക്കണമെന്ന നിലപാടില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതോടെ കോളജ് പ്രിന്‍സിപ്പലിനോട് രണ്ടാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായാണ് സൂചന. മരം കൊള്ളയില്‍ അന്വേഷണമാവശ്യപ്പെട്ട് സെന്‍ട്രല്‍ പോലിസിനും ജില്ലാ കലക്ടര്‍ക്കും പ്രിന്‍സിപ്പല്‍ പരാതി നല്‍കി. കോളജ് ഗവേണിങ് ബോര്‍ഡി ചെയര്‍മാന്‍ എന്‍ രമാകാന്തനാണ് ഉന്നതവിദ്യഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.