മുട്ടില്‍ മരംകൊള്ള: സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍

Update: 2022-07-27 16:03 GMT

കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ളക്കേസില്‍ പ്രതിയായ സീനിയര്‍ ക്ലാര്‍ക്ക് കെ ഒ സിന്ധുവിനെ അറസ്റ്റുചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. മുട്ടില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറായിരിക്കെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് സഹായം നല്‍കിയ കേസിലാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്.

ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാവണമെന്നാണ് നിബന്ധന. മുട്ടില്‍ വില്ലേജ് ഓഫിസറായിരുന്ന കെ കെ അജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി അജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയതിനാണ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തത്. ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടല്‍ മൂലം എട്ടുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ ഉത്തരവിന്റെ മറവില്‍ പട്ടയ ഭൂമിയില്‍ നിന്നും വനഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ചുകടത്തിയതാണ് വലിയ വിവാദങ്ങളുണ്ടാക്കിയത്.

Tags:    

Similar News