മരം മുറിക്കേസ്: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ
മുഖ്യമന്ത്രി പറഞ്ഞത് പി ടി തോമസ് വീണിടത്ത് കിടന്ന് ഉരുളുകയാണെന്നാണ്. എന്നാല്‍ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നു പി ടി തോമസ് പറഞ്ഞു
കൊച്ചി: മരം മുറിക്കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കര്‍ഷകരെ മറയാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടുപോവുകയായിരുന്നു മരംമുറി ഉത്തരവിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ലക്ഷ്യം വച്ചത്.ഇത് പുറത്തുകൊണ്ടു വരാന്‍ ശ്രമിച്ച തന്നെ ആക്രമിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി വെള്ളിയാഴ്ച പറഞ്ഞത് പി ടി തോമസ് വീണിടത്ത് കിടന്ന് ഉരുളുകയാണെന്നാണ്. എന്നാല്‍ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നു പി ടി തോമസ് പറഞ്ഞു.
ആദിവാസികളുടെ 150-200 വര്‍ഷങ്ങള്‍ പഴക്കമുളള ഈട്ടിമരങ്ങളടക്കം വെട്ടിക്കൊണ്ടുപോകാനുളള അവതാരമായിരുന്നു മരം മുറിക്കാനുള്ള ഉത്തരവ്. അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ട് പിന്‍വലിക്കുന്നുവെന്നാണ് പറഞ്ഞത്.പിണറായി വിജയന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പി ടി തോമസ് പറഞ്ഞു.
കോടികളുടെ മരം മുറി കൊള്ളയില്‍ താന്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോള്‍, മുഖ്യമന്ത്രിയും പ്രതികളുമായുള്ള ബന്ധം സൂചിപ്പിച്ച് പ്രതികളുടെ ഉടമസ്ഥതയിലുള്ള മാംഗോ ഫോണിന്‍ വൈബ് സൈറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരമാര്‍ശത്തില്‍ ഏതെങ്കിലും ഒരു വര്‍ഷമോ മാസമോ താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടിയില്‍, 2016 ഫെബ്രുവരി 29ന് മുഖ്യമന്ത്രി താനല്ല എന്ന് പ്രസ്താവിച്ചതിലൂടെ പ്രതികളുമായി മുഖ്യമന്ത്രിക്കുള്ള കൂടുതല്‍ ബന്ധമാണ് പുറത്തു വന്നതെന്നും പി ടി തോമസ് പറഞ്ഞു.