സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പി ടി തോമസ് എംഎല്‍എ;കെഎസ്എഫ്ഇ ഇടപാടുകാരുടെ ഡേറ്റ അമേരിക്കന്‍ കമ്പനിക്ക് കൈമാറി

കെ എസ് എഫ് ഇ യുടെ യുടെ 600 ബ്രാഞ്ചുകളിലെ ഇടപാടുകള്‍ സുഗമമാക്കുവാന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാന്‍ ടെണ്ടര്‍ നല്‍കിയ നടപടിക്രമങ്ങള്‍ മുഴുവന്‍ ക്രമക്കേട് നിറഞ്ഞതാണ്.കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഡേറ്റ സ്പ്രിന്‍ക്ലര്‍ മോഡല്‍ കമ്പനിയായ ക്ലിയര്‍ ഐ ചോര്‍ത്തിയെടുത്തിരിക്കുന്നതില്‍ സമഗ്ര അന്വേഷണം വേണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

Update: 2020-08-14 10:01 GMT

കൊച്ചി: സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പി ടി തോമസ് എംഎല്‍എ.കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ് ഇ)യുടെ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡേറ്റ അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ഐക്ക് കൈമാറി പിണറായി വിജയന്‍ സര്‍ക്കാര്‍ വന്‍ അഴിമതിക്ക് കളമൊരുക്കിയെന്ന് പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.കെ എസ് എഫ് ഇ യുടെ യുടെ 600 ബ്രാഞ്ചുകളിലെ ഇടപാടുകള്‍ സുഗമമാക്കുവാന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാന്‍ ടെണ്ടര്‍ നല്‍കിയ നടപടിക്രമങ്ങള്‍ മുഴുവന്‍ ക്രമക്കേട് നിറഞ്ഞതാണെന്നും പി ടി തോമസ് ആരോപിച്ചു.

സ്റ്റാര്‍ട്ട് അപ് കമ്പനികളെ സഹായിക്കാനെന്ന കൃത്രിമത്വം ഉപയോഗിച്ചാണ് ഈ ടെന്‍ഡര്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്. 14 കമ്പനികള്‍ താല്‍പര്യ പത്രം സമര്‍പ്പിച്ചു 9 കമ്പനികളെ യോഗ്യത ഇല്ലാത്തതിനാല്‍ തള്ളി.വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ച് കമ്പനികളെ ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചു. ടെണ്ടര്‍ നടപടിയില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പോലും പാലിക്കാതെ അല്‍വെയര്‍ (AI Ware) തോട്ട് റിപ്പിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്( Thought Ripples Private Ltd.) , വി എസ് റ്റി മോബിലിറ്റി സോലുഷ്യന്‍സ് (VST Mobility Solutions) എന്നി കമ്പനികള്‍ ഉള്‍പെടെ അല്‍വെയര്‍ ആന്റ് കണ്‍സോര്‍ഷ്യം പാര്‍ടിനേഴ്‌സിന് കെഎസ്എഫ് ഇ മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും നിര്‍മ്മിക്കുന്നതിനായി ടെന്‍ഡര്‍ കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നല്‍കിയെന്നും പി ടി തോമസ് എംഎല്‍എ ആരോപിച്ചു.

കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച അല്‍വെയര്‍ എന്ന കമ്പനി ടെന്‍ഡര്‍ കരസ്ഥമാക്കി. 46 ദിവസം മാത്രം പഴക്കമുള്ള ,പ്രമുഖ പ്രവാസി വ്യവസായിയുടെ മകന്റെ കമ്പനിയായ അല്‍ വെയറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് 67.50 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ഉറപ്പിച്ചത്.ടെണ്ടര്‍ ലഭിച്ചു ആറുമാസത്തിനുള്ളില്‍ ഈ കമ്പനി ക്ലിയര്‍ ഐ എന്ന അമേരിക്കന്‍ കമ്പനിയില്‍ ലയിച്ചു എന്നത് കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണെന്നും പി ടി തോമസ് എംഎല്‍എ ആരോപിച്ചു.അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐ യുടെ ഡയറക്ടര്‍മാരില്‍ ഒരാളായ മൈല്‍സ് എവെര്‍സന്‍ വിവാദ പ്രൈസ് വാട്ടര്‍ ഹൗസ് കൂപേഴ്‌സിന്റെ ഏഷ്യന്‍ റീജ്യണല്‍ ഡയറക്ടര്‍ കൂടിയാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കണ്‍സള്‍ട്ടന്റുമാണെന്നത് കൂട്ടി വായിച്ചാല്‍ ദുരൂഹത വര്‍ധിക്കുന്നുവെന്നും പി ടി തോമസ് എംഎല്‍എ ആരോപിച്ചു.

കെഎസ്എഫ്ഇയുടെ കാസ്ബ (CASABA) അപ്ലിക്കേഷന്‍ 2017 മാത്രം ആണ് നിലവില്‍ വന്നത്. കാസബ സോഫ്റ്റ്വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്താന്‍ 13 /11/ 2017 ല്‍ നിബോധ എന്ന കമ്പനിയുടെ ഡയറക്ടര്‍ ഗിരീഷ് ബാബുവിനെ സിഡിറ്റിനെ മറയാക്കി 34.72 ലക്ഷം രൂപ നല്‍കി നിയമിച്ചു. 10 ലക്ഷത്തിന് മുകളിലുള്ള കരാര്‍ ടെന്‍ഡര്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഈ നടപടിയെന്നും പി ടി തോമസ് ആരോപിച്ചു.ഇപ്പോള്‍ ഇദ്ദേഹത്തെ കെഎസ്എഫ്ഇ യുടെ ഐടി കണ്‍സള്‍ട്ടന്റ് ആയി 1.80 ലക്ഷം രൂപ മാസ വേതനത്തിനു നിയമിച്ചിരിക്കുന്നു.ഏകദേശം 100 കോടി രൂപയുടെ പുതിയ സോഫ്റ്റ്വെയര്‍ പദ്ധതിക്ക് പ്രസ്തുത കണ്‍സള്‍ട്ടന്‍സി റിപോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇത് മറ്റൊരു അഴിമതിക്ക് വഴിയൊരുക്കുകയാണെന്നും പി ടി തോമസ് പറഞ്ഞു.

വിവിധ പദ്ധതികളിലായി രണ്ട് കണ്‍സള്‍ട്ടന്റുമാരെ ക്രമ വിരുദ്ധമായി പിന്‍വാതിലിലൂടെ കെഎസ്എഫ് ഇ നിയമിച്ചിട്ടുണ്ട്. ഇവരുടെ നിയമനത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്റെ അദൃശ്യ സാനിധ്യവും അദ്ദേഹത്തിന്റെ വലംകൈയുമായ ഉണ്ണികൃഷ്ണന്റെ ചട്ട വിരുദ്ധമായ നടപടികളും മറ നീക്കി പുറത്ത് വരുന്നുവെന്നും പി ടി തോമസ് ആരോപിച്ചു.കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഡേറ്റ സ്പ്രിന്‍ക്ലര്‍ മോഡല്‍ കമ്പനിയായ ക്ലിയര്‍ ഐ ചോര്‍ത്തിയെടുത്തിരിക്കുന്നതില്‍ സമഗ്ര അന്വേഷണം വേണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. 

Tags:    

Similar News