സ്വര്‍ണക്കടത്ത്: പ്രതി റമീസിനെ കോടതി റിമാന്റു ചെയ്തു
കൊച്ചിയിലെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റമീസിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. റമീസിനെ ഞായറാഴ്ചയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനു ഏഴു ദിവസത്തേക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കസ്റ്റംസ് സൂപ്രണ്ട് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.കസ്റ്റംസിന്റെ പ്രാഥമിക റിപോര്‍ട്ട് പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്.
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയെന്ന കസ്റ്റംസിന്റെ കേസിലെ രണ്ടാം പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആലുവ സബ് ജയിലിലേക്കാണ് റിമാന്റ് ചെയ്തത്. കൊച്ചിയിലെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റമീസിനെ റിമാന്റ് ചെയ്തത്. റമീസിനെ ഞായറാഴ്ചയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. റമീസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനു ഏഴു ദിവസത്തേക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കസ്റ്റംസ് സൂപ്രണ്ട് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണം കടത്തുന്നതിനു കൂട്ടുനിന്ന മറ്റാരെങ്കിലുമുണ്ടെങ്കില്‍ ചോദിച്ചു കണ്ടെത്തേണ്ടതുണ്ടെന്നു അപേക്ഷയില്‍ പറയുന്നു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് കേസിലെ മറ്റു പ്രതികളെ കണ്ടു തിരിച്ചറിയേണ്ടതുണ്ടെന്നും കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. രാഷ്ട്ര സമ്പത്തിനെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലുണ്ടായ കള്ളക്കടത്തിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്നതിനു റമീസിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് അപേക്ഷയില്‍ പറയുന്നത്. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്ന പ്രഭാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ പങ്കിനെ പറ്റി സരിത്ത് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നും റമീസിന്റെ റിമാന്റ് റിപോര്‍ട്ടില്‍ കസ്റ്റംസ് വ്യക്തമാക്കി.
റമീസിന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തിട്ടുണ്ട്. 2015ല്‍ സുഹൃത്തിന്റെ ബാഗില്‍ സ്വര്‍ണം കടത്തിയതായും കസ്റ്റംസ് റിപോര്‍ട്ടില്‍ പറയുന്നു. സ്വപ്നക്ക് കേരളം വിടാന്‍ കള്ളക്കടത്ത് കേസില്‍ സംശയിക്കുന്ന ഉന്നതരുടെ സഹായം കിട്ടിയെന്നും കസ്റ്റംസ് പറയുന്നു. ജ്വല്ലറി വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നത് റമീസാണെന്ന് കണ്ടെത്തി. റാക്കറ്റില്‍ സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. ജ്വല്ലറികള്‍ക്ക് സ്വര്‍ണം നല്‍കുന്നത് റമീസ് വഴിയാണ്. കേസിനാവശ്യമായ വിവിധ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. കസ്റ്റംസിന്റെ പ്രാഥമിക റിപോര്‍ട്ട് പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്.