സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രോപ്പ് റ്റി അനലൈസറുകള്‍
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണമാണ് 32 ശതമാനത്തോളം മരണനിരക്ക് കേരളത്തില്‍ സംഭവിക്കുന്നത്.
തിരുവനന്തപുരം: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇസിജിയില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പുതന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. 1.5 ലക്ഷം രൂപ വിലയുള്ള ഈ ഉപകരണത്തിന്റെ സഹായത്തോടെ ഹൃദയാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സഹായകരമാകുന്നതാണ്. 2019-20ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും അമൃതം ആരോഗ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് ട്രോപ്പ് റ്റി അനലൈസറുകള്‍ വാങ്ങുന്നതിന് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണമാണ് 32 ശതമാനത്തോളം മരണനിരക്ക് കേരളത്തില്‍ സംഭവിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, ലഹരിയോടുള്ള ആസക്തി, മാനസികപിരിമുറുക്കം തുടങ്ങിയ കാരണങ്ങളാലാണ് ഈ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് സ്റ്റഡീസ് സെന്ററും സംസ്ഥാന ആരോഗ്യവകുപ്പുമായി നടത്തിയ പഠനത്തില്‍ നമ്മുടെ ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദ്ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്ന വെളിപ്പെടുത്തലുണ്ടായി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തെറ്റായ ജീവിതശൈലിയും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
ഈയൊരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ കീഴില്‍ ജില്ലാ ആശുപത്രികളില്‍ കൊറോണറി കെയര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചുവരികയും മറ്റ് ആശുപത്രികളില്‍ ഹൃദയ സംബന്ധമായ രോഗനിര്‍ണയം നടത്തുന്നതിനുള്ള മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിവരികയും ചെയ്യുന്നതായി മന്ത്രി വ്യക്തമാക്കി.