കാരുണ്യ നല്‍കുന്നത് വൻബാധ്യത: ചികില്‍സാ പദ്ധതിക്കെതിരേ സര്‍ക്കാര്‍ ആശുപത്രികളും
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍ അനുസരിച്ച് ചികിത്സ നല്‍കിയാല്‍ തങ്ങള്‍ക്ക് വന്‍ ബാധ്യത ഉണ്ടാകുമെന്ന് വ്യക്തമാക്കി വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ക്ക് പിന്നാലെ കാരുണ്യ സുരക്ഷാ പദ്ധതി വഴിയുള്ള സൗജന്യ ചികിത്സയ്ക്കെതിരെ സര്‍ക്കാര്‍ ആശുപത്രികളും രംഗത്ത്. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍ അനുസരിച്ച് ചികിത്സ നല്‍കിയാല്‍ തങ്ങള്‍ക്ക് വന്‍ ബാധ്യത ഉണ്ടാകുമെന്ന് വ്യക്തമാക്കി വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ചിയാക് എന്ന സര്‍ക്കാര്‍ ഏജന്‍സി ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും കത്തില്‍ ഉന്നയിക്കുന്നു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അനുസരിച്ച് ശസ്ത്രക്രിയകള്‍ അടക്കം പല ചികിത്സകള്‍ക്കും നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ വളരെ കുറവാണെന്ന പരാതി തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരിന്നു. ഇതുകാരണം ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും പദ്ധതിയില്‍ ചേര്‍ന്നിരുന്നില്ല. ഇതിനിടയിലാണ് പദ്ധതി പ്രായോഗികമല്ലെന്ന നിലപാടുമായി സര്‍ക്കാര്‍ ആശുപത്രികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഹൃദയ ശസ്ത്രക്രിയകള്‍ക്ക് അടക്കം നിശ്ചയിച്ചിട്ടുള്ള പാക്കേജ് വളരെ കുറവാണെന്നും നഷ്ടം സഹിച്ച് ചികിത്സ തുടര്‍ന്നാല്‍ ആശുപത്രികള്‍ വന്‍ കട ബാധ്യതയിലേക്ക് പോകുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഇതിലേക്ക് വകമാറ്റേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിക്കും. അതുകൊണ്ട് നിരക്കുകള്‍ അടിയന്തരമായി പരിഷ്‌കരിക്കണമെന്നും അല്ലെങ്കില്‍ അധിക തുക നല്‍കണമെന്നും ആശുപത്രി അധികൃതര്‍ സര്‍ക്കാരിനു നല്‍കിയിട്ടുള്ള കത്തില്‍ പറയുന്നു. നിലവില്‍ നിശ്ചയിച്ചിട്ടുള്ള നിരക്കും സര്‍ക്കാര്‍ മേഖലയില്‍ ചെലവാകുന്ന തുകയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഉള്ള ചിയാക് എന്ന സര്‍ക്കാര്‍ എജന്‍സിയുടെ പ്രവര്‍ത്തനം പരിശോധിക്കണമെന്ന ആവശ്യവും ആശുപത്രി അധികൃതര്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്റിനെ പോലെ ആണ് ചിയാക് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു പണം വാങ്ങി എടുക്കുന്നതിനു പകരം ആശുപത്രികള്‍ക്കും സര്‍ക്കാരിനും നഷ്ടം സംഭവിക്കുന്ന തരത്തില്‍ ആണ് ചിയാക്കിന്റെ പ്രവര്‍ത്തനം എന്നാണ് ആശുപത്രികള്‍ ആരോപിക്കുന്നത്. ആശുപത്രികളുടെ എതിര്‍പ്പു മൂലം പദ്ധതി അനിശ്ചിതാവസ്ഥയിലായാല്‍ ആയിരക്കണക്കിന് രോഗികള്‍ ചികിത്സ ലഭിക്കാതെ വലയുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.