മുണ്ടക്കയത്ത് ഇരുനില വീട് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി; നടുക്കും ഈ ദൃശ്യം
കോട്ടയം: കണ്ണുചിമ്മിത്തീരും മുമ്പ് ഇരുനില വീട് അപ്രത്യക്ഷമാവുന്നു. കോട്ടയം മുണ്ടക്കയത്തുനിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നത്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്നലെ രാത്രിയോടെ മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.
വീടിന് പിന്നില്‍ പുഴയൊഴുകിയിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചുവന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും വെള്ളത്തിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു.
സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു. മലവെള്ളം ആര്‍ത്തിരമ്പിവരുന്നതും വീടിന്റെ തറഭാഗത്ത് വിള്ളല്‍ അനുഭവപ്പെടുന്നതും പിന്നീട് ഒന്നാകെ പുഴയിലേക്ക് അമരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സമീപവാസികള്‍ നിസ്സഹായരായി വിലപിക്കുന്നതും വീഡിയോയില്‍ കാണാം.