ഇസ്രായേലില്‍ മാനസികാരോഗ്യ മേഖല തകരുന്നു; വിദഗ്ധര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നു

Update: 2024-01-02 14:10 GMT
തെല്‍അവീവ്: ഗസയില്‍ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേലില്‍ മാനസികാരോഗ്യ മേഖല വന്‍ തകര്‍ച്ചയിലേക്കെന്ന് റിപോര്‍ട്ട്. അതേസമയം തന്നെ കൂടുതല്‍ സ്ഥിരതയുള്ള ജീവിതസാഹചര്യങ്ങള്‍ തേടി ഡസന്‍ കണക്കിന് മാനസികാരോഗ്യ വിദഗ്ധര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നതായി ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ഗസയില്‍ യുദ്ധം തുടങ്ങിയതിനാല്‍ രാജ്യത്ത് മാനസികാരോഗ്യ സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കെയാണ് കുടിയേറ്റം. രാജ്യത്തെ മാനസികാരോഗ്യ സംവിധാനം പൂര്‍ണമായ തകര്‍ച്ചയുടെ അടുത്താണെന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ മേധാവികള്‍ സ്‌റ്റേറ്റ് കണ്‍ട്രോളര്‍ മതന്യാഹു എംഗല്‍മാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം ഡസന്‍ കണക്കിന് സൈക്യാട്രിസ്റ്റുകളാണ് ബ്രിട്ടനില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സിങ് പരീക്ഷ നടത്തിയത്. ഇസ്രായേലില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുമെങ്കിലും കനത്ത ജോലിഭാരവും സാഹചര്യം മെച്ചപ്പെടുമെന്ന് തോന്നാത്തതുമാണ് അവരെ പോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഒരു മനോരോഗ വിദഗ്ധനുമായി സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയതായി ഹാരറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ മാനസികാരോഗ്യ സംവിധാനം കൂടുതല്‍ സംഘടിതമാണ്. തിരക്ക് കുറവാണ്. ജോലി സമയം കൂടുതല്‍ യുക്തിസഹമാണെന്നും അദ്ദേഹം പറഞ്ഞു.

    ഒരു വര്‍ഷം മുമ്പ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മെഡിക്കല്‍ വര്‍ക്ക്‌ഫോഴ്‌സ് റിപോര്‍ട്ട് പ്രകാരം, കഴിഞ്ഞ ദശകത്തില്‍ ഇസ്രായേലില്‍ ആളോഹരി മനശാസ്ത്രജ്ഞരുടെ എണ്ണം 19% കുറഞ്ഞു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് സര്‍വീസസ് ആന്റ് ഹെല്‍ത്ത് നല്‍കിയ കണക്കുകളാണിത്. ഇതനുസരിച്ച് ഓരോ 11,705 പേര്‍ക്കും ഇസ്രായേലില്‍ ഒരു മനോരോഗ വിദഗ്ധന്‍ മാത്രമാണുള്ളത്. നാനൂറോളം സൈക്യാട്രിസ്റ്റുകളുടെ കുറവുണ്ടെന്നാണ് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ക്കായുള്ള ഫോറത്തിന്റെ തലവനായ ഷ്മുവല്‍ ഹിര്‍ഷ്മാന്‍ പറയുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ ഇരട്ടിയാവുമെന്നും ഹിര്‍ഷ്മാന്‍ മുന്നറിയിപ്പ് നല്‍കി. കാരണം പല തൊഴിലാളികളും ഇപ്പോള്‍ വിരമിക്കല്‍ പ്രായത്തോട് അടുക്കുകയോ അതിലധികമോ ആണ്. കൂടാതെ സ്ഥിരം ജോലി തേടി കുടിയേറുന്നവരുടെ അനുപാതം ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഗസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചശേഷം മനഃശാസ്ത്രജ്ഞരുടെ വര്‍ധിച്ചുവരുന്ന ആവശ്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴിലെ സംഭവങ്ങള്‍ മൂന്നുലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം ലഭിച്ച വിദഗ്ധരുടെ ചികില്‍സ ആവശ്യമായി വന്നതായി കണക്കാക്കുന്നുണ്ട്. യുദ്ധത്തിന്റെ മാനസികാരോഗ്യ പ്രത്യാഘാതങ്ങള്‍ ഭയാനകമാണെന്ന് ഫോറം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags:    

Similar News