വംശവെറിക്കെതിരേ അനന്തപുരിയിൽ പ്രതിരോധകോട്ട തീർത്ത് പണ്ഡിതസമൂഹം
കെ മുരളീധരൻ എംപി രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ ധര്‍ണയും ഉദ്ഘാടനം ചെയ്തു. ബിജെപി ലക്ഷ്യമിടുന്നത് ഹിന്ദു രാഷ്ട്രമല്ല, സവർണ രാഷ്ട്രമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ബിജെപി ഭരണകൂടത്തിന്റെ വംശവെറിക്കെതിരേ അനന്തപുരിയുടെ മണ്ണിൽ പകരം വയ്ക്കാനില്ലാത്ത പ്രതിരോധകോട്ട തീർത്ത് പണ്ഡിതസമൂഹം. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, യുപി സര്‍ക്കാറിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ഉലമാ സംയുക്ത സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ ധര്‍ണയും നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് താക്കി തായി മാറി. തിരുവനന്തപുരം നഗരത്തെ വെള്ളക്കടലാക്കി മാറ്റിയ പ്രതിഷേധറാലിയിൽ ആയിരക്കണക്കിന് പണ്ഡിതൻമാരാണ് അണിനിരന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരൻമാരെ പകുത്തുമാറ്റി ഇന്ത്യയെ വെട്ടിമുറിക്കാനുള്ള സംഘപരിവാരനീക്കങ്ങളെ ജീവൻ നൽകിയായാലും ചെറുത്തു തോൽപ്പിക്കുമെന്ന സന്ദേശമാണ് റാലിയിൽ മുഴങ്ങിയത്.
കെ മുരളീധരൻ എംപി രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ ധര്‍ണയും ഉദ്ഘാടനം ചെയ്തു. ബിജെപി ലക്ഷ്യമിടുന്നത് ഹിന്ദു രാഷ്ട്രമല്ല, സവർണ രാഷ്ട്രമാണെന്ന് അദ്ദേഹം പറഞ്ഞു. സവർണ- അവർണ തർക്കത്തെ തുടർന്നാണ് കേരളത്തിൽ ബിജെപിക്ക് അധ്യക്ഷനില്ലാത്തത്. പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി പാർട്ടിയിലെ ഒരു ഘടകവുമായി ആർഎസ്എസ് തർക്കത്തിലാണ്. സവർണനെ പ്രസിഡന്റാക്കണമെന്ന് ആർഎസ്എസും അവർണൻ പ്രസിഡൻറായി വരണമെന്ന് പാർട്ടി ഘടകവും തർക്കമുന്നയിക്കുന്നു. ദേശീയതലത്തിൽ മുസ്ലിംങ്ങളേയും ക്രൈസ്തവരേയും ഒഴിവാക്കി ഹിന്ദുക്കളെ മാത്രം നിലനിർത്താനാണ് ആർഎസ്എസ് നീക്കം. തുടർന്ന് സവർണ കാർഡ് പുറത്തെടുക്കും. ഇതോടെ മോദി ഔട്ടാവുകയും യോഗിയെ മുൻനിരയിലേക്ക് കൊണ്ടുവരാനുമാണ് ഇവർ ലക്ഷ്യമിടുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സമരം നടത്തുന്നവരെ കേന്ദ്ര സർക്കാർ ഗുണ്ടകളെ വിട്ട് മർദ്ദിക്കുകയാണെന്ന് കെ മുരളീധരൻ എംപി. രാജ്യത്ത് ക്രമസമാധാനം പരിപാലിക്കാൻ ബാധ്യസ്ഥനായ ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് നേരിട്ട് നേതൃത്വം നൽകുന്നു. ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്ത്യ മുഴുവൻ അലയടിക്കുകയാണ്. ഭരണകക്ഷിയിൽ പോലും ഈ നിയമത്തിനെതിരെ ഭിന്നിപ്പ് ഉടലെടുത്തു. തുല്യനീതിയും സുരക്ഷിതത്വവും നൽകുന്ന ഭരണഘടന മൂല്യങ്ങളെ ചവിട്ടിമെതിച്ച് ജനവിരുദ്ധ നിയമങ്ങൾ ഒരോന്നായി അടിച്ചേൽപ്പിക്കുകയാണ്. ഇതിൽ അവസാനത്തേതാണ് പൗരത്വ ഭേദഗതി നിയമം. ഈ നിയമത്തിനെതിരേ ഇത്രയേറെ ജനമുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിൽ വീണ്ടും ഒരുപാട് ജനവിരുദ്ധ നിയമങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവരുമായിരുന്നു. ഏക സി വിൽകോഡ്, പ്രസിഡൻഷ്യൽ ഭരണം തുടങ്ങിയവ അതിൽ ചിലതായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ഉലമ സംയുക്ത സമിതി ചെയർമാൻ എസ് അർഷദ് അൽ ഖാസിമി കല്ലമ്പലം അധ്യക്ഷത വഹിച്ചു. കരമന അഷ്റഫ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജന.കൺവീനർ അർഷദ് മുഹമ്മദ് നദ് വി, റവ. ഫാദർ യുജിൻ പെരേര, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, അബ്ദുശ്ശകൂർ അൽ ഖാസിമി, സി പി മുഹമ്മദ് ബശീർ, മുജാഹിദ് ബാലുശേരി, ഷഹീർ മൗലവി, പാച്ചല്ലുർ അബ്ദുസ്സലീം മൗലവി, കരമന അശ്റഫ് മൗലവി, ശിഫാർ കൗസരി, വിഴിഞ്ഞം സഈദ് മൗലവി സംസാരിച്ചു.
രാവിലെ 10.30ന് പ്രസ്‌ക്ലബ്ബിനു മുന്നില്‍ നിന്നും ആരംഭിച്ച പണ്ഡിത മാര്‍ച്ച് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഫ്‌ളാഗ് ഓഫ് ചെയ്തു. സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ(പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് മലപ്പുറം ജില്ല ) പ്രാർഥന നടത്തി. ഹാഫിള് അഹ്മദ് കബീർ ബാഖവി ആമുഖ പ്രഭാഷണം നടത്തി. വൈകീട്ട് മൂന്നിന് ആരംഭിച്ച രാപകല്‍ ധര്‍ണയില്‍ കേരളത്തിലെ വിവിധ പണ്ഡിത സംഘടനകളുടെ പ്രതിനിധികളായി 1000 പേര്‍ സംബന്ധിക്കും. പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, മാഹീന്‍ ഹസ്രത്ത്, ഇ എം സുലൈമാന്‍ മൗലവി ധര്‍ണയില്‍ പങ്കെടുക്കും. നാളെ രാവിലെ 11.30ന് ധര്‍ണ സമാപിക്കും.