അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന്; പാകിസ്താനില്‍ രണ്ട് ദിവസമായി ഇന്റര്‍നെറ്റ് തടസം
ദാവൂദിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പോലിസ്. രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജന്‍സികള്‍ ദാവൂദിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ദാവൂദ് ഇബ്രാഹിം ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി പാകിസ്താനില്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ഇന്റര്‍നെറ്റില്‍ അപ്രതീക്ഷിത 'തടസ'ങ്ങള്‍. ഇന്റര്‍നെറ്റ് അസാധാരണമാംവിധം മെല്ലെപ്പോക്കു തുടങ്ങിയതോടെ, സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ പാകിസ്താനിലെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകുന്നില്ല. യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഏറെക്കുറെ നിശ്ചലമായ മട്ടാണ്.
ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. പാക്ക് ഭരണകൂടം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇക്കാര്യം ഇന്നു രാവിലെ മുതലാണ് പുറത്തായത്. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഏറെക്കുറെ പൂര്‍ണമായും പാകിസ്താനില്‍ ഇന്റര്‍നെറ്റ് നിശ്ചലമായതിന്, ദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. പ്രത്യേകിച്ചും, ദാവൂദ് ഇബ്രാഹിം അന്തരിച്ചു എന്ന് ഉള്‍പ്പെടെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തില്‍.
അതേസമയം, പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ പദ്ധതിയിട്ടിരുന്ന വിര്‍ച്വല്‍ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് തടസമെന്നാണ് അവരുടെ വാദം. ഇമ്രാന്‍ ഖാന്‍ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനു തടയിടുകയാണ് പാക്ക് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പിടിഐ വാദിക്കുന്നു. ഇതിനിടെയാണ്, ഇന്റര്‍നെറ്റ് തടസങ്ങള്‍ക്കു പിന്നിലെ 'ദാവൂദ് കണക്ഷന്‍' ചര്‍ച്ചയാകുന്നത്.
പതിറ്റാണ്ടുകളായി ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളി എന്ന നിലയില്‍, ദാവൂദ് ഇബ്രാഹിമിന്റെ വാസസ്ഥലം ഉള്‍പ്പെടെ എക്കാലവും തര്‍ക്ക വിഷയമാണ്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വര്‍ഷങ്ങളായി ഇന്ത്യ വാദിക്കുമ്പോഴും, അവിടെയില്ലെന്നാണ് മാറിമാറി വന്ന പാക്ക് സര്‍ക്കാരുകളുടെയും സുപ്രധാന ശക്തിയായ പാക്ക് സൈന്യത്തിന്റെയും വാദം. ദാവൂദ് കറാച്ചിയിലുണ്ടെന്ന് അടുത്തിടെ ഒരു ബന്ധു തന്നെ ദേശീയ അന്വേഷണ ഏജന്‍സിയോടു (എന്‍ഐഎ) വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ്, അതീവ ഗുരുതരാവസ്ഥയില്‍ ദാവൂദ് ആശുപത്രിയിലാണെന്ന വാര്‍ത്ത വരുന്നത്.