കേന്ദ്രമന്ത്രി വി മുരളീധരന്‍ കരിപ്പൂരില്‍; മുഖ്യമന്ത്രിയും ഗവര്‍ണറും ഉടന്‍ പുറപ്പെടും

പുലര്‍ച്ചെ രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വി മുരളീധരന്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്.

Update: 2020-08-08 02:44 GMT

കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനദുരന്തത്തിന്റെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കരിപ്പൂരിലെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വി മുരളീധരന്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത്. ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കും. രാവിലെ 9.30ന് വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും. അതിന് ശേഷം പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും സന്ദര്‍ശിക്കും.

ഞെട്ടിക്കുന്ന അപകടമാണുണ്ടായതെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മുരളീധരന്‍ സ്ഥലം സന്ദര്‍ശിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദര്‍ശിക്കുകയും നില വിലയിരുത്തുകയും ചെയ്യുമെന്നാണ് വിവരം. രാവിലെ 9 മണിയോടെ മുഖ്യമന്ത്രിയും ഗവര്‍ണറും കരിപ്പൂരിലേക്ക് പുറപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍. പുതുതായി പോലിസിനായി വാങ്ങിയ ഹെലികോപ്റ്ററിലാവും മുഖ്യമന്ത്രി കരിപ്പൂരിലെത്തുക.

എല്‍ഡിഎഫ് യോഗം റദ്ദുചെയ്താണ് മുഖ്യമന്ത്രി കരിപ്പൂരിലെത്തുന്നത്. ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ യാത്ര ഇപ്പോള്‍ വേണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും മുഖ്യമന്ത്രി തനിക്ക് കരിപ്പൂരില്‍ എത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നേരിട്ട് മുഖ്യമന്ത്രി കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും അവലോകനയോഗം നടത്തുകയും ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. കൂടാതെ പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുമെന്ന സൂചനയുമുണ്ട്. മന്ത്രി എ സി മൊയ്ദീന്‍ ക്യാംപ് ചെയ്യും.

എന്താണ് കരിപ്പൂരില്‍ ഇത്തരത്തിലുള്ള അപകടം സംഭവിക്കാന്‍ കാരണമെന്നതില്‍ വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരു ഏജന്‍സികളുടെയും വിദഗ്ധസംഘങ്ങളും കേന്ദ്രവിദേശകാര്യമന്ത്രി ഡല്‍ഹിയില്‍നിന്ന് എത്തിയ അതേ വിമാനത്തില്‍ മുംബൈയില്‍ നിന്ന് കയറി, കരിപ്പൂരിലെത്തിയിട്ടുണ്ട്. അവരിപ്പോള്‍ അപകടസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

Tags:    

Similar News