സർവകലാശാലകളിലെ 16 അനധ്യാപക തസ്തികകളിലെ നിയമനം പി എസ് സിക്ക്

നിയമനരീതി, ശമ്പളസ്കെയിൽ, യോഗ്യത, നിരീക്ഷണകാലം എന്നിവ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കി.

Update: 2020-11-07 07:45 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ 16 അനധ്യാപക തസ്തികകളിലെ നിയമനം കൂടി പി എസ് സിക്ക് നൽകി. ലാസ്റ്റ് ഗ്രേഡ് സർവന്റ്, പ്രഫഷണൽ അസിസ്റ്റന്റ് (ലൈബ്രറി), യൂനിവേഴ്സിറ്റി ലൈബ്രേറിയൻ, യൂനിവേഴ്സിറ്റി എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, സെക്യൂരിറ്റി ഓഫീസർ, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, കംപ്യൂട്ടർ പ്രോഗ്രാമർ, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, പിആർഒ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ബസ് കണ്ടക്ടർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനുള്ള യോഗ്യതയും മറ്റും നിശ്ചയിച്ചാണ് ഉത്തരവിറക്കിയത്. 

ഈ തസ്തികകളിലെ നിയമനരീതി, ശമ്പളസ്കെയിൽ, യോഗ്യത, നിരീക്ഷണകാലം എന്നിവ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കി. ഇതോടെ സർവകലാശാലകൾ റിപ്പോർട്ടുചെയ്യുന്ന ഒഴിവനുസരിച്ച് പി എസ് സിക്ക് നിയമനം നടത്താം. അതേസമയം, നിയമനം പി എസ് സിക്ക് വിട്ട തസ്തികകളുമായി ബന്ധപ്പെട്ട് അതത് സ്റ്റാറ്റിയൂട്ടുകൾ അടിയന്തരമായി ഭേദഗതിചെയ്യാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സർവകലാശാലകളിലെ വിവിധ അനധ്യാപക തസ്തികകളിലെ നിയമനം നേരത്തേ പി എസ് സിക്ക് വിട്ടിരുന്നെങ്കിലും നിയമതടസ്സം നിലനിന്നിരുന്നു. ഒരേ തസ്തികയ്ക്ക് വിവിധ സർവകലാശാലകളിൽ വ്യത്യസ്ത പേരുകളും ശമ്പളസ്കെയിലും യോഗ്യതയും ഒക്കെ നിലനിന്നതും നടപടികൾ ദുഷ്കരമാക്കി. ഓരോ സർവകലാശാലകളിലെയും സ്റ്റാറ്റിയൂട്ടും റെഗുലേഷനും മറ്റും ഇതിനായി ഭേദഗതിചെയ്താൽ മാത്രമേ നിയമനം സാധ്യമാകുമായിരുന്നുള്ളൂ. അത് കാലതാമസമുണ്ടാക്കുന്ന നടപടിയായതിനാൽ പി എസ് സിയുമായി ആലോചിച്ച് നിയമനത്തിന് പ്രത്യേക എക്സിക്യുട്ടീവ് ഉത്തരവ് ഇറക്കുകയായിരുന്നു.

Tags:    

Similar News