പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പോലിസിനെ ഉപയോഗിക്കുന്നു: എസ്ഡിപിഐ
യൂനിവേഴ്‌സിറ്റി കോളജില്‍ സഹപാഠിയുടെ നെഞ്ചില്‍ കഠാരകുത്തിയിറക്കിയവരെ സംരക്ഷിക്കാനും അതുസംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനുമാണ് സംസ്ഥാനത്ത് പോലിസിനെ ഉപയോഗിച്ച് അക്രമങ്ങളുണ്ടാക്കി ചര്‍ച്ച വഴിതിരിച്ചുവിടുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസിനെ കയറൂരിവിട്ടിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. യൂനിവേഴ്‌സിറ്റി കോളജില്‍ സഹപാഠിയുടെ നെഞ്ചില്‍ കഠാരകുത്തിയിറക്കിയവരെ സംരക്ഷിക്കാനും അതുസംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനുമാണ് സംസ്ഥാനത്ത് പോലിസിനെ ഉപയോഗിച്ച് അക്രമങ്ങളുണ്ടാക്കി ചര്‍ച്ച വഴിതിരിച്ചുവിടുന്നത്.
സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരേയും എസ്എഫ്‌ഐയുടെ ഫാഷിസത്തിനെതിരേയും കാംപസ് ഫ്രണ്ട്, കെഎസ്‌യു തുടങ്ങിയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്ത് നടത്തിയ മുഴുവന്‍ വിദ്യാര്‍ഥി സമരങ്ങളെയും ചോരയില്‍ മുക്കിക്കൊല്ലാനാണ് പോലിസ് ശ്രമിച്ചത്. ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐ എറണാകുളത്തു നടത്തിയ മാര്‍ച്ചിനെ പോലിസ് ലാത്തിച്ചാര്‍ജിലൂടെയാണ് നേരിട്ടത്. പോലിസ് അതിക്രമത്തില്‍ സിപിഐ എംഎല്‍എയുടെ കൈ ഒടിഞ്ഞു. യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്എഫ്‌ഐ നേതാവിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലാ ഉത്തരക്കടലാസിന്റെ കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവന അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല.
പ്രതികള്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ മുന്‍നിരയിലെത്തിയതു സംബന്ധിച്ച ആക്ഷേപങ്ങളെ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖം മോശമായതിനു കണ്ണാടിയെ കുറ്റംപറയുന്നതിനു തുല്യമാണ്. വിശ്വാസ്യത തകര്‍ന്നിട്ടുണ്ടെങ്കില്‍ അതിനുള്ള തിരുത്തല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അക്രമികളെ സംരക്ഷിക്കുകയും പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുകയും ചെയ്യുന്നത് പിണറായി സര്‍ക്കാര്‍ തുടരുന്ന പക്ഷം ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് ഉയരുമെന്നും അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.