2020ലെ യുപിഎസ്‌സി സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും ഒക്ടോബര്‍ നാലിന്
ജൂലൈ 7 മുതല്‍ 13ാം തിയ്യതി (വൈകീട്ട് ആറുമണി) വരെയും, ജൂലൈ 20 മുതല്‍ 24 വരെ (വൈകീട്ട് ആറുമണി) വരെയും കമ്മീഷന്റെ upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ന്യൂഡല്‍ഹി: 2020 ലെ സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (പ്രിലിമിനറി) പരീക്ഷയും യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) പുറത്തിറക്കിയ പുതുക്കിയ പരീക്ഷ/ അഭിമുഖ കലണ്ടര്‍ അനുസരിച്ച് 2020 ഒക്ടോബര്‍ നാലിന് (ഞായറാഴ്ച) രാജ്യമെമ്പാടും നടത്തും. ഇരുപരീക്ഷകളും എഴുതുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണക്കൂടുതലും പരീക്ഷാകേന്ദ്രം സൗകര്യപ്രദമായ ഇടങ്ങളിലേയ്ക്ക് മാറ്റണമെന്ന ഉദ്യോഗാര്‍ഥികളുടെ അപേക്ഷയും പരിഗണിച്ച്, ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റുന്നതിന് അവസരം നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
ഇതുകൂടാതെ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയുടെയും പരീക്ഷാകേന്ദ്രങ്ങളും മാറ്റാന്‍ അവസരമുണ്ടാവും. ഇതിനായുള്ള പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം രണ്ട് ഘട്ടങ്ങളായാണ് പ്രവര്‍ത്തിക്കുക. ജൂലൈ 7 മുതല്‍ 13ാം തിയ്യതി (വൈകീട്ട് ആറുമണി) വരെയും, ജൂലൈ 20 മുതല്‍ 24 വരെ (വൈകീട്ട് ആറുമണി) വരെയും കമ്മീഷന്റെ upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാവും പരീക്ഷാകേന്ദ്രം ലഭ്യമാകുന്നത്. ഒരു പരീക്ഷാകേന്ദ്രത്തിന്റെ നിശ്ചിതസീറ്റുകള്‍ നിറഞ്ഞുകഴിഞ്ഞാല്‍ പിന്നീട് അവിടെ അപേക്ഷിക്കാനാവില്ല. ഇതുകൂടാതെ, അപേക്ഷകള്‍ പിന്‍വലിക്കാനുള്ള അവസരവും കമ്മീഷന്‍ നല്‍കുന്നുണ്ട്. കമ്മീഷന്‍ വെബ്സൈറ്റില്‍ (upsconline.nic.in) ആഗസ്ത് 1 മുതല്‍ 8ാം തിയ്യതി വരെ ഇതിനുള്ള അവസരം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും. ഒരിക്കല്‍ അപേക്ഷ പിന്‍വലിച്ചാല്‍, ഭാവിയില്‍ അത് ഒരുസാഹചര്യത്തിലും പുനപ്പരിഗണിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.