വടകരയില്‍ മുല്ലപ്പള്ളി...?; വയനാട് സിദ്ദീഖ് ഉറപ്പിച്ചു

വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥിയെ വേണ്ടെന്ന ആവശ്യവുമായി മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാര്‍ഥികളും രംഗത്തെത്തിയിട്ടുണ്ട്

Update: 2019-03-18 15:55 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഏറ്റവും കൂടുതല്‍ കീറാമുട്ടിയായി മാറിയ വടകരയില്‍ ഒടുവില്‍ സിറ്റിങ് എംപിയും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയേക്കും. പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലുമുള്ള ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ ഹൈക്കമാന്‍ഡും മുല്ലപ്പള്ളിയോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മല്‍സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോളും പാര്‍ട്ടി അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന ബോധ്യത്തിലേക്ക് മുല്ലപ്പള്ളിയും എത്തിച്ചേരുന്നുണ്ടെന്നാണു വിവരം. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥിയെ വേണ്ടെന്ന ആവശ്യവുമായി മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാര്‍ഥികളും രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ ആദ്യ ലിസ്റ്റിലുണ്ടായിരുന്ന വിദ്യാ ബാലന്റെ പേര് ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍, പകരം ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കോണ്‍ഗ്രസിനാവാത്തത് യുഡിഎഫിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പി ജയരാജനെ നേരിടാന്‍ ഭയപ്പെട്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളൊന്നും വടകരയില്‍ വരാത്തതെന്നാണ് സിപിഎം പ്രചാരണം. നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് നില വച്ചാണ് പലരും വടകരയില്‍ വരാത്തത്. ഇതിനിടെ, പി ജയരാജനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയെ പിന്‍വലിച്ച് യുഡിഎഫിനു നിരുപാധിക പിന്തുണ നല്‍കുകയും ചെയ്തു. എന്നിട്ടും യുഡിഎഫിനു ആത്മവിശ്വാസത്തോടെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താനാവുന്നില്ലെന്നായതോടെയാണ് മുല്ലപ്പള്ളിക്കു വേണ്ടി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി ഇമെയിലിലും ഫാക്‌സും വഴി സന്ദേശങ്ങളെത്തുന്നത്. ഇടതുസ്ഥാനാര്‍ഥിയായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രചാരണം ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. സതീശന്‍ പാച്ചേനി, സജീവ് മാറോളി, പ്രവീണ്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അവസാനം മുല്ലപ്പള്ളിയില്‍ തന്നെയാണ് എത്തിനില്‍ക്കുന്നത്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. തീരുമാനം നാളെ ഉണ്ടാവുമെന്നാണ് സൂചന.

    അതേസമയം, വയനാട് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദം ഫലം കണ്ടതായാണു സൂചന. ടി സിദ്ദീഖ് തന്നെ മല്‍സരരംഗത്തേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പാക്കിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടി സിദ്ദീഖിനെ നിര്‍ത്തുന്നതോടെ സാമുദായിക സന്തുലനം കൂടി പറയാമെന്നു കണക്കുകൂട്ടുന്നുണ്ട്. സിദ്ദീഖിനെ വടകരയിലേക്ക് ശ്രമിച്ചെങ്കിലും അദ്ദേഹവും നിരസിക്കുകായിരുന്നു. ആറ്റിങ്ങളിലില്‍ അടൂര്‍പ്രകാശ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വവും ഉറപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചില്ലെങ്ക്വും അടൂര്‍ പ്രകാശ് തന്റെ പ്രചാരണം തത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. ഏതായാലും അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.





Similar News