വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിധി പറയാന്‍ മാറ്റി
കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്. കേസില്‍ അന്വേഷണത്തിലും വിചാരണ നടപടികളില്‍ പ്രോസിക്യുഷനും വീഴ്ച സംഭവിച്ചുവെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടി
കൊച്ചി : വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ വിചാരണക്കോടതി വിധി റദ്ദാക്കി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്. കേസില്‍ അന്വേഷണത്തിലും വിചാരണ നടപടികളില്‍ പ്രോസിക്യുഷനും വീഴ്ച സംഭവിച്ചുവെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല.പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. പോക്‌സോനിയമപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനു നടപടി സ്വീകരിച്ചില്ല. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല.
ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകള്‍ ഉണ്ടായെന്നും തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു.2017 ജനുവരിയിലാണ് 13 ഉം 9 ഉം വയസ്സുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.പ്രതിപ്പട്ടികയിലെ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാറിനെ നേരത്തെ കോടതി വിട്ടയച്ചിരുന്നുവെങ്കിലും അടുത്തിടെ ഇയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.