വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഐക്യദാര്‍ഢ്യം
തിരുവനന്തപുരം: വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി ദ്രോഹ സമീപനങ്ങള്‍ക്കെതിരേ കോളജ് വിദ്യാര്‍ഥികള്‍ ആരംഭിച്ചിട്ടുള്ള പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ഐക്യദാര്‍ഢ്യം. നിലവില്‍ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാണ്. ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നൂറോളം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കൊണ്ടാണ് മാനേജ്‌മെന്റ് മുന്നോട്ട് പോവുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ അധ്യാപകരുടെ അപര്യാപ്ത പരിഹരിക്കാനോ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല.
സര്‍ക്കാറും എംസിഎയും വഴിവിട്ട രീതിയില്‍ മാനേജ്‌മെന്റിന് ഒത്താശ ചെയ്യുന്നു എന്നുള്ള ആരോപണം ശക്തമാണ്. നിലവില്‍ കോളജ് നടത്തിക്കൊണ്ടു പോവുന്നതിനുള്ള അടിസ്ഥാന സൗകര്യം ഇല്ലാതിരിക്കെ തന്നെ വരും ദിവസങ്ങളില്‍ പരീക്ഷ നടത്തി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് കോളജ് അധികൃതര്‍ നടത്തുന്നത്. സര്‍ക്കാറും മാനേജ്‌മെന്റും തമ്മിലുള്ള ഇത്തരം ഒത്തുകളിക്കെതിരേ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട് എന്ന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥിദ്രോഹ നടപടികള്‍ക്കെതിരേ പ്രതികരിക്കുന്നവരെ മാനസികമായും അക്കാദമികമായും പീഡിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് നിഷേധിക്കുന്നതും മറ്റും ഇതിന്റെ തുടര്‍ച്ചയാണ്. ഇത്തരം നടപടികള്‍കളെ ശക്തമായി അപലപിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ആദില്‍ അബ്ദുല്‍ റഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ രഞ്ജിനി മഹേഷ്, നബീല്‍ പാലോട്, വൈസ് പ്രസിഡണ്ടുമായ മുനീബ്, അല്‍ മയൂഫ്, ഹന്ന ഫാത്തിമ സെക്രട്ടറിമാരായ ഹാദിഖ് എന്‍കെ, നാസിഹ, ഫായിസ് ശ്രീകാര്യം, നൗഫ, ഇമാദ് വക്കം, സയ്യിദ് ഇബ്രാഹിം, ഫര്‍ഹാന്‍ പങ്കെടുത്തു.