വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ്: പരാതികൾ മറച്ചുവച്ച്‌ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്

മെഡിക്കല്‍ കോളജില്‍ മതിയായ ഡോക്ടര്‍മാരോ രോഗികളോ ഇല്ലെന്ന വസ്തുത മറച്ചുവച്ച് അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജരോഗികളെ ഇറക്കിയതായി നിരവധി തെളിവുകള്‍ ഹാജരാക്കിയെങ്കിലും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

Update: 2019-09-07 06:17 GMT

തിരുവനന്തപുരം: മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാനായി വ്യാജരോഗികളെ ആശുപത്രിയിൽ എത്തിച്ച്‌ വിവാദത്തിലായ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനെ വെള്ളപൂശി ആരോഗ്യ സര്‍വകലാശാല വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ മതിയായ ഡോക്ടര്‍മാരോ രോഗികളോ ഇല്ലെന്ന വസ്തുത മറച്ചുവച്ച് മതിയായ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

വ്യാജരോഗികളെ ഇറക്കിയതായി നിരവധി തെളിവുകള്‍ ഹാജരാക്കിയെങ്കിലും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് ഒരു നിര്‍ദേശവും റിപ്പോര്‍ട്ടിലില്ല. അതേസമയം, അധ്യാപകരുടെ കുറവ്, രോഗികളുടെ കുറവ്, മറ്റു ക്ലിനിക്കല്‍ സൗകര്യങ്ങളുടെ കുറവ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള സാഹചര്യം കോളജിലില്ല തുടങ്ങിയ പരാതികളിൽ ഉറച്ചു നിൽക്കുകയാണ് വിദ്യാർഥികൾ.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനക്കായി വ്യാജരോഗികളെ ഇറക്കിയായിരുന്നു എസ്.ആര്‍ മെഡിക്കല്‍ കോളജിന്റെ തട്ടിപ്പ്. മെഡിക്കൽ കൗൺസിലിന്റെ പരിശോധന മറികടക്കാനായി വ്യാജരോഗികളെ ഇറക്കിയും ഡോക്ടർമാരെ താൽക്കാലികമായി എത്തിച്ചും നടത്തിയ തട്ടിപ്പ് വിദ്യാർഥികളാണ് പുറത്തുകൊണ്ടുവന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ കൗൺസിലിന്റെ പരിശോധന മുന്നിൽക്കണ്ട് വീണ്ടും മാനേജ്മെന്റ് വ്യാജരോഗികളെ കോളജിൽ എത്തിച്ചത്. കോളജിന്റെ തന്നെ ആംബുലൻസിൽ ആളുകളെ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തന്നെയാണ് ഈ ദൃശ്യങ്ങളും പകർത്തിയത്.

പഠന സാഹചര്യമില്ലെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെയും ഹൈക്കോടതി കേസിന്‍റെയും പശ്ചാത്തലത്തിലാണ് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച വിദഗ്ധ സംഘം വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തിയത്. ആശുപത്രിയിലേക്ക് വാടകയ്ക്ക് രോഗികളെ ഇറക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ അന്വേഷണ സംഘത്തിന് കൈമാറി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടെന്ന് വിദഗ്ധ സമിതിയുടെ തലവനും ആരോഗ്യ സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലറുമായ ഡോ. എ നളിനാക്ഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു വിപരീതമായാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്.

Tags:    

Similar News