ബ്രാഹ്മണിക്കൽ ജാതി പാരമ്പര്യമുള്ള ഇഎംഎസിന് അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി പോരാടാൻ എന്തവകാശം എന്നു ചോദിക്കുന്നതുപോലുള്ള ഒരശ്ലീലം അതിലിരുന്ന് ചിരിക്കുന്നുണ്ട്: കവി വീരാൻ കുട്ടി
കല്ലും മരവും ഉപയോഗിച്ച് വീടുണ്ടാക്കിയവർ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, ചെരിപ്പിടുന്നവർ ഒന്നും പരിസ്ഥിതിക്കു വേണ്ടി മിണ്ടരുതെന്ന വാദത്തിൽ വലിയൊരപകടം പതിയിരിക്കുന്നുണ്ട്.
കോഴിക്കോട്: കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സിപിഎം സൈബർ പോരാളികൾക്കെതിരേ കവി വീരാൻ കുട്ടി. കെ റെയിൽ വിരുദ്ധ സമരത്തെ പിന്തുണച്ചുകൊണ്ട് കവി റഫീഖ് അഹമ്മദ് എഴുതിയ കവിതയ്ക്കെതിരേ സിപിഎം അനുകൂലികൾ തുടങ്ങിവച്ച സൈബർ ആക്രമണം പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠനിലേക്കും എംഎൻ കാരശ്ശേരിയിലേക്കും എത്തിയതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി കവി വീരാൻ കുട്ടി രംഗത്തെത്തുകയായിരുന്നു.
കല്ലും മരവും ഉപയോഗിച്ച് വീടുണ്ടാക്കിയവർ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, ചെരിപ്പിടുന്നവർ ഒന്നും പരിസ്ഥിതിക്കു വേണ്ടി മിണ്ടരുതെന്ന വാദത്തിൽ വലിയൊരപകടം പതിയിരിക്കുന്നുണ്ട്. ലോകത്തെ സർവ്വ ചെറുത്തു നില്പുകളെയും സമരങ്ങളെയും റദ്ദാക്കാൻ പോന്ന ഒരു അരാഷ്ട്രീയ ബോധം അതിലൊളിച്ചിരിപ്പുണ്ട്. ആധുനിക സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചു വരൂ.എന്നിട്ടുമതി മുതലാളിത്ത വികസന സങ്കല്പങ്ങളെ എതിർക്കുന്നത് എന്ന യുക്തിയിലാണത് നിൽക്കുന്നതെന്ന് കവി വീരാൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഗാന്ധിജി യാത്രയ്ക്ക് ബ്രിട്ടീഷ് റെയിൽവെ ആണുപയോഗിച്ചിരുന്നത്. ആയതു കൊണ്ട് അദ്ദേഹത്തിനു ബ്രിട്ടീഷുകാരോട് സമരം ചെയ്യാൻ അർഹതയില്ല എന്നു പറയുമ്പോലെ, ജന്മിയും ബ്രാഹ്മണിക്കൽ ജാതി പാരമ്പര്യവുമുള്ള ഇഎംഎസിന് അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി പോരാടാൻ എന്തവകാശം എന്നു ചോദിക്കുന്നതുപോലുള്ള ഒരശ്ലീലം അതിലിരുന്ന് ചിരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരെങ്കിലും അതിനു തുനിയരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അമേരിക്കയിൽ ചികിൽസ തേടുന്നു എന്നതുകൊണ്ട് ഒരാൾക്ക് മുതലാളിത്തത്തെ വിമർശിച്ചു കൂടെന്നുണ്ടോ?. പരിസ്ഥിതിയെപ്പറ്റി പറയുന്നവരുടെ യോഗ്യത തപ്പുന്നതിനു പകരം അവർ പറയുന്നതിൽ വല്ല സത്യവുമുണ്ടോ എന്ന ഡിബേറ്റിലേക്കാണ് പോകേണ്ടത്. അതാണ് ജനാധിപത്യ സമീപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.