സംസ്ഥാനത്തെ മികച്ച ജലാശയ സംരക്ഷണ പദ്ധതിയായി വേമ്പനാട് പദ്ധതിയെ മാറ്റും: മന്ത്രി സജി ചെറിയാന്‍
വമ്പനാട് കായല്‍ സംരക്ഷണത്തിന് പ്രത്യേക പരിഗണനയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. കായലിനെ മാലിന്യമുക്തമാക്കി നവീകരിച്ച് തനതായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്
ആലപ്പുഴ: സംസ്ഥാനത്തെ മികച്ച ജലാശയ സംരക്ഷണ പദ്ധതിയായി വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
വേമ്പനാട് കായല്‍ സംരക്ഷണത്തിന് പ്രത്യേക പരിഗണനയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. കായലിനെ മാലിന്യമുക്തമാക്കി നവീകരിച്ച് തനതായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കായലിന്റെ പരമ്പരാഗതമായ മല്‍സ്യസമ്പത്തു സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ജനകീയ പങ്കാളിത്തതോടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈയില്‍ വേമ്പനാട് കായലിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നിയമസഭ നിയോജക മണ്ഡലംതല യോഗങ്ങള്‍ ചേരും. തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനായി ബ്ലോക്ക്തല പ്രത്യേക സമിതി രൂപീകരിക്കും. ഓഗസ്റ്റില്‍ പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിച്ച് സെപ്റ്റംബറോടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.
സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ ദലീമ ജോജോ, തോമസ് കെ തോമസ്, കെ ജെ മാക്സി, കെ ബാബു, കെ എന്‍ ഉണ്ണിക്കൃഷ്ണന്‍, സി കെ ആശ, ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലയില്‍നിന്നുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.