വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: അടൂർ പ്രകാശിനെതിരെ ആരോപണവുമായി മന്ത്രി ഇ പി ജയരാജൻ

ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോൾ ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-09-01 07:00 GMT

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശ് എംപിയുമായി ബന്ധമെന്ന് മന്ത്രി ഇ പി ജയരാജൻ. കൊലപാതകത്തിന് ശേഷം അടൂർ പ്രകാശിനെ പ്രതികൾ ഫോണിൽ വിളിച്ചുവെന്നും ഗൂഢാലോചനയിൽ അദ്ദേഹത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ പറഞ്ഞു.

ചില മാധ്യമങ്ങൾ ഇക്കാര്യം പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോൾ ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കുകയെന്നത് പണ്ട് കോൺഗ്രസ് ശീലിച്ചതാണ്. തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക. ഈ നിലപാട് സമാധാനം ഉണ്ടാക്കുന്നതല്ല. ജനങ്ങൾ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അപ്പോൾ ഈ അക്രമികൾക്ക് നേരെ തിരിച്ചടിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു

അങ്ങനെ തിരിച്ചടിയുണ്ടാകുമ്പോൾ രാജ്യം മുഴുവൻ കലാപമുണ്ടാക്കാം. അക്രമമുണ്ടാക്കാം. ചോരപ്പുഴ ഒഴിക്കാം. ഈ ലക്ഷ്യമാണ് കോൺഗ്രസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എസ്ഡിപിഐക്കാരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ഞെട്ടിച്ചു. കോൺഗ്രസ് നേതാക്കളുടെ സന്ദേശം തന്നെ ഞാൻ കേട്ടത്, നിങ്ങൾ സംഭവം നടത്തിക്കൊള്ളൂ. കേസ് നടത്തിക്കൊള്ളും, നിങ്ങളുടെ എല്ലാ കാര്യവും ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണെന്നും ജയരാജൻ പറഞ്ഞു. 

Tags:    

Similar News