വെഞ്ഞാറമൂട് ഇരട്ടക്കൊല: കൊലപാതകത്തിന് കാരണം സിപിഎമ്മിലെ ചേരിപ്പോര്- ഡിസിസി
ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ടതെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ തിരുവനന്തപുരം ജില്ലാ കോണ്ഗ്രസ് കമ്മറ്റി പുറത്തുവിട്ടു.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു കാരണം സിപിഎമ്മിലെ ചേരിപ്പോരാണെന്ന വാദവുമായി കോണ്ഗ്രസ്. ഡി കെ മുരളി എംഎൽഎയുടെ മകനുമായുള്ള സംഘർഷത്തെ തുടർന്നാണു പ്രശ്നങ്ങളുടെ തുടക്കം. സ്ഥലത്തില്ലാതിരുന്ന രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ കേസിൽ പ്രതികളാക്കി. ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ടതെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ തിരുവനന്തപുരം ജില്ലാ കോണ്ഗ്രസ് കമ്മറ്റി പുറത്തുവിട്ടു.
സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്ഐ. പ്രവർത്തകർ കൂടിയുണ്ടായിരുന്നു. കൂടാതെ നാലു ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവസമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പോലീസ് ഒന്നും പറയുന്നില്ലെന്നും കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവസമയത്ത് ഉണ്ടായിരുന്ന പലരുമുള്ളതു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ സംരക്ഷണത്തിലാണ്. റഹീമും ഡി കെ മുരളിയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന പാർട്ടിയിലെ വിഭാഗീയതയിൽ സംഭവിച്ചതാണു കൊലപാതകം. ഇതിൽ റഹീമിന്റെ പങ്ക് അന്വേഷിക്കണമെന്നും ഡിസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിർഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താൻ ശ്രമിച്ചു. ആദ്യം അക്രമിച്ചതു കേസിൽ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണെന്നും കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു. ഇപ്പോൾ സാക്ഷിയെന്നു പോലിസ് പറയുന്ന വ്യക്തിയും സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണ്. റൂറൽ എസ്പി രാഷ്ട്രീയം കളിക്കുകയാണ്. സിബിഐക്ക് അന്വേഷണം കൈമാറണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.