ലോക്ക് ഡൗണ്‍ ലംഘിച്ച് സ്വീകരണയോഗം; 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Update: 2021-09-07 08:09 GMT

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെ നൂറിലധികം പേരാണ് തിരുവല്ല കുറ്റൂര്‍ ജങ്ഷനില്‍ ഞായറാഴ്ച ഒത്തുചേര്‍ന്നത്.

പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന സ്വീകരണമാണ് നടന്നത്. പാര്‍ട്ടിയിലേക്ക് പുതുതായി ചേര്‍ന്നവര്‍ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു. ഇതോടെ വലിയ ആള്‍ക്കൂട്ടമായി മാറുകയായിരുന്നു. ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തി സിപിഎം യോഗം സംഘടിപ്പിച്ചത് വലിയ വിവാദമായിരുന്നു.

ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, കേസെടുക്കാന്‍ പോലിസ് ആദ്യമൊന്നും തയ്യാറായിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം, പരിപാടിക്ക് ധാരാളം പേര്‍ എത്തിയിരുന്നുവെങ്കിലും ആള്‍ക്കൂട്ടമുണ്ടായിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

Tags:    

Similar News