ലോക്ക് ഡൗണ്‍ ലംഘിച്ച് മൂന്നാറില്‍ പൂജ; ഡ്രോണ്‍ കാമറയില്‍ കുടുങ്ങി, പൂജാരിക്കെതിരേ കേസ്

അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ടോ എന്നറിയാനായിരുന്നു ഡ്രോണ്‍ ഉപയോഗിച്ച് പോലിസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് മൂന്നാര്‍ ഗുണ്ടള എസ്‌റ്റേറ്റിലെ ക്ഷേത്രത്തില്‍ പൂജ നടത്തുന്ന ദൃശ്യങ്ങള്‍ കുടുങ്ങിയത്.

Update: 2020-04-08 10:18 GMT

മൂന്നാര്‍: കൊവിഡ് മഹാമാരിയുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ക്ഷേത്രത്തില്‍ നടത്തിയ പൂജയുടെ ദൃശ്യങ്ങള്‍ പോലിസിന്റെ ഡ്രോണ്‍ കാമറയില്‍ കുടുങ്ങി. നിരോധനാജ്ഞ ലംഘിച്ച് പൂജ നടത്തിയ പൂജാരിക്കെതിരേ പോലിസ് കേസെടുത്തു. ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് വനത്തിലൂടെ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ടോ എന്നറിയാനായിരുന്നു ഡ്രോണ്‍ ഉപയോഗിച്ച് പോലിസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് മൂന്നാര്‍ ഗുണ്ടള എസ്‌റ്റേറ്റിലെ ക്ഷേത്രത്തില്‍ പൂജ നടത്തുന്ന ദൃശ്യങ്ങള്‍ കുടുങ്ങിയത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി പേര്‍ പൂജയ്‌ക്കെത്തിയതായി വ്യക്തമായി. വിവരമറിഞ്ഞ് പോലിസെത്തി ആളുകളെ ഒഴിപ്പിച്ച ശേഷം പൂജാരിക്കെതിരേ കേസെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശം മറികടന്നും ആളുകള്‍ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 14 വരെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഡ്രോണ്‍ പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്ന് വനത്തിലൂടെ അനധികൃതമായി അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ നാല് പേരെ പോലിസ് പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു.

    അതിര്‍ത്തി പ്രദേശങ്ങളായ മൂന്നാര്‍ ടോപ്‌സ്‌റ്റേഷന്‍, വട്ടവട, പഴത്തോട്ടം, കോവിലൂര്‍ എന്നിവിടങ്ങളില്‍ വനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ഒട്ടേറേ വഴികളുണ്ട്. പ്രധാന പാതകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ കാട്ടുവഴിയിലൂടെ ആളുകള്‍ പോവുന്നത് കൂടിയതായാണു വിലയിരുത്തല്‍. ഇതേടെയാണ് ഡ്രോണ്‍ കാമറ ഉപയോഗിച്ച് പരിശോധന തുടങ്ങിയത്.


Tags:    

Similar News