വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന്; കിരണിനെതിരേ ആത്മഹത്യാപ്രേരണ അടക്കം 9 വകുപ്പുകള്‍

Update: 2021-09-10 04:11 GMT

കൊല്ലം: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ (24) ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ഉദ്യോഗസ്ഥനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കെതിരെയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. എങ്കിലും തല്‍ക്കാലം മറ്റൊരെയും പ്രതി ചേര്‍ക്കേണ്ടതില്ലെന്നാണ് പോലിസ് തീരുമാനം. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, സ്ത്രീ പീഡനം ഉള്‍പ്പെടെ 9 വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. 102 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.

ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിസ്മയയുടെ മരണത്തില്‍ അറസ്റ്റിലായ കിരണ്‍കുമാര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ് 90 ദിവസം തികയും മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസ് തീരുമാനിച്ചത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരണ്‍കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിനെതിരായ മുഖ്യതെളിവായി നല്‍കിയിട്ടുള്ളത്. വിസ്മയ കടുത്ത മാനസികപീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലിസ് ശേഖരിച്ചിട്ടുണ്ട്.

വിശദമായ ഫോറന്‍സിക് പരിശോധനാ രേഖകള്‍ ഉള്‍പ്പെടെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദത്തിന് തയ്യാറാവുന്നത്. വിസ്മയയുടെ കൈത്തണ്ടയിലുണ്ടായിരുന്ന മുറിവില്‍നിന്ന് ശേഖരിച്ച രക്തം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചെന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ഊര്‍ജതന്ത്ര വിദഗ്ധരെ ഉള്‍പ്പെടുത്തിയും വിശലകനം നടത്തി. സ്വാഭാവികമായി വാതില്‍ തുറക്കുന്നതും ബലമായി തകര്‍ക്കുന്നതും തമ്മിലുള്ള ഊര്‍ജവ്യതിയാനം പരിശോധിക്കുന്നതിനായിരുന്നു ഈ പരിശോധന.

വിസ്മയയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടക്കം 40 ലധികം പേര്‍ സാക്ഷിപ്പട്ടികയിലുണ്ടെന്നാണ് വിവരം. മോബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ 20 തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. വിസ്മയ കേസില്‍ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയതെന്ന് വിസ്മയയുടെ പിതാവ് പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണസംഘം നടത്തിയ ത്യാഗം അറിയാം. അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. മകള്‍ക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

Similar News