'വ്യാപാര്‍ 2022' ന് കലൂര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി ;വൈവിധ്യമാര്‍ന്ന മുന്നൂറോളം സ്റ്റാളുകള്‍
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.ജൂണ്‍ 18 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്
കൊച്ചി: സംസ്ഥാന വാണിജ്യ വ്യവസായ മേള 'വ്യാപാര്‍ 2022' ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കമായി.മന്ത്രി പി രാജീവ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.താല്‍ക്കാലിക സംവിധാനങ്ങള്‍ക്ക് പകരമായി സ്ഥിരം എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ വേദി കാക്കനാട് യഥാര്‍ഥ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സ്ഥിരം എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിലവില്‍ വരുന്നതോടെ, സര്‍ക്കാര്‍ മുന്‍ കൈ എടുത്ത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥിരം എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കാക്കനാട് ഈ മാസം അവസാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 2023 ഒക്ടോബറില്‍ പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വിവിധ സെക്ടറുകളിലെ ബിസിനസ് ടു ബിസിനസ് മീറ്റുകളും സ്ഥിരം സംവിധാനം വരുന്നതോടെ സാധ്യമാകും. കേരളത്തില്‍ ആര്‍ക്കും 50 കോടി രൂപ വരെയുള്ള വ്യവസായം മൂന്നു വര്‍ഷം വരെ ലൈസന്‍സ് ഇല്ലാതെ ആരംഭിക്കാന്‍ സാധിക്കും. 50 കോടി രൂപയ്ക്ക് മുകളിലുള്ള വ്യവസായങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം ലൈസന്‍സ് നല്‍കാനുള്ള സംവിധാനവും നിലവിലുണ്ട്. ഏതെങ്കിലും രീതിയില്‍ അപേക്ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നാല്‍ ഓണ്‍ലൈനായി പരാതിപ്പെടാം. 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തീരുമാനം അറിയിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥര്‍ 250 രൂപ മുതല്‍ പതിനായിരം രൂപ വരെ പിഴ നല്‍കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
സംരംഭകവര്‍ഷമായിട്ടാണ് ഈ വര്‍ഷം ആചരിക്കുന്നത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മികച്ച പ്രതികരണമാണ് സംരംഭകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. എംബിഎ, ബിടെക് ബിരുദദാരികളായ 1155 ഇന്റേണ്‍സിനെ പഞ്ചായത്ത് തലത്തില്‍ നിയമിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി 13137 എംഎസ്എം ഇ കള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 982.73 കോടി രൂപയുടെ നിക്ഷേപവും 30,698 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനും സാധിച്ചു. സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് സിസ്റ്റമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയ ഇന്ത്യയിലെ നഗരമായി കൊച്ചിയെ തിരഞ്ഞെടുത്തു എന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
ടിസിഎസ് കമ്പനി 32 എക്കറിലെ കാമ്പസ് കാക്കനാട് ആരംഭിക്കുകയാണെന്നും ഐബിഎം കമ്പനിയുടെ ഓപ്പറേഷന്‍ സെന്റര്‍ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. മികച്ച വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു വരുന്നതിന്റെ സൂചനകളാണിതെല്ലാം. സുസ്ഥിരവും സുതാര്യവുമായ ഒരു വ്യാപാര അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത്തരം വ്യാപാരമേളയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 'വ്യാപാര്‍ 2022' ഡിജിറ്റല്‍ ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് (എഫ്‌ഐസിസിഐ) മാണ് വ്യവസായ മേളയായ കേരള ബിസിനസ് ടു ബിസിനസ് മീറ്റ് വ്യാപാര്‍ 2022' സംഘടിപ്പിക്കുന്നത്. ഏഴാമത് മേളയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.
ജൂണ്‍ 18 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഫാഷന്‍ ഡിസൈനിഗ്, ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, കരകൗശലവസ്തുക്കള്‍, മുള തുടങ്ങിയ മേഖകളില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ മറ്റ് പ്രധാന വ്യവസായ മേഖലകളായ ഭക്ഷ്യ സംസ്‌ക്കരണം, കൈത്തറി, വസ്ത്രങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവും മേളയ്ക്കുണ്ട്.
വേഗത്തില്‍ മേളയുടെ ലോഗോ ഉള്‍പ്പെടെ ഫോട്ടോ പ്രിന്റ് നല്‍കുന്ന 'സെല്‍ഫി റോബോ' മേളയിലെ മുഖ്യാകര്‍ഷണമാണ്. ചേന്ദമംഗലം കൈത്തറിയുടെ തറിയൂണിറ്റും ശ്രദ്ധേയമാണ്.ഉദ്ഘാടന സമ്മേളനത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ്, എഫ്‌ഐസിസിഐ ( ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ) ചെയര്‍മാന്‍ ദീപക് എല്‍ അശ്വനി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിഐപി ) സിഇഒ എസ് സൂരജ് പങ്കെടുത്തു.vy