ഒന്നല്ല, ഒരുപിടി ഗുണങ്ങള്‍; ഈ മാലിന്യപ്ലാന്റ് ചില്ലറക്കാരനല്ല

മാലിന്യത്തില്‍ നിന്നും വൈദ്യുതി, ജൈവവളം, പ്ലാസ്റ്റിക് മാലിന്യങ്ങളും ഗ്ലാസും സംസ്‌കരിക്കാന്‍ പ്രത്യേക സംവിധാനം. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തരമൊരു മാലിന്യ സംസ്‌കരണ പ്ലാന്റ് യാഥാര്‍ഥ്യമാകാന്‍ പോവുന്നു

Update: 2019-01-10 18:04 GMT

തിരുവനന്തപുരം: മാലിന്യത്തില്‍ നിന്നും വൈദ്യുതി, ജൈവവളം, പ്ലാസ്റ്റിക് മാലിന്യങ്ങളും ഗ്ലാസും സംസ്‌ക്കരിക്കാന്‍ പ്രത്യേക സംവിധാനം. എല്ലാം സംയോജിപ്പിക്കുന്ന ഒരു മാലിന്യ പ്ലാന്റ്. തീര്‍ന്നില്ല, ചുറ്റും മനോഹരമായ ഒരു പാര്‍ക്ക് കൂടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ വന്നിരിക്കാനും കളിക്കാനും കഴിയുന്ന ഇടം. ഇതൊരു സ്വപ്‌നമല്ല. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തരമൊരു മാലിന്യ സംസ്‌ക്കരണ പ്ലാന്റ് യാഥാര്‍ഥ്യമാവുകയാണ്.

പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദുര്‍ഗന്ധവും അസ്വസ്ഥതയും കാരണം മൂക്കുപൊത്തി നടക്കേണ്ടി വരില്ല. അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കില്ല. പ്രത്യേക ബ്രാന്റില്‍ വളം വില്‍പ്പന നടത്തും. ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ ഉയരുന്ന പ്ലാന്റ് അതുവഴി നാടിനും ഗുണം ചെയ്യും. സംസ്ഥാനത്ത് ഇത്തരത്തില്‍ വിഭാവനം ചെയ്യപ്പെട്ട ആദ്യ പദ്ധതിയാണിത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


Tags:    

Similar News