മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.50 അടിയായി കുറഞ്ഞു; മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും അടച്ചു

Update: 2021-11-06 14:07 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്നിരുന്ന സ്പില്‍വേ ഷട്ടറുകളെല്ലാം തമിഴ്‌നാട് അടച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടി ആയി കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി തുടങ്ങിയ ക്യാംപുകളും അവസാനിപ്പിച്ചിട്ടുണ്ട്. ഡാമിലെക്കുള്ള നിരൊഴുക്കും ഒപ്പം മഴയും കുറഞ്ഞ് സാഹചര്യം അനുകൂലമായതോടെയാണ് ഷട്ടറുകള്‍ പൂര്‍ണമായി അടച്ചത്. സംസ്ഥാനത്ത് ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പൊന്‍മുടി, കുണ്ടള, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട), ഷോളയാര്‍ (തൃശൂര്‍) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമാവും. നിലവിലെ അന്തരീക്ഷസ്ഥിതി അവലോകന പ്രകാരം ഇത് ചുഴലിക്കാറ്റാവാന്‍ സാധ്യതയില്ല.

Tags:    

Similar News