വെല്‍ഫെയര്‍ പാര്‍ട്ടി പൗരത്വപ്രക്ഷോഭ സമ്മേളനം നാളെ തിരുവനന്തപുരത്ത്
വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് ശക്തിയായി പടര്‍ന്നുകൊണ്ടിരിക്കുന്ന സമരങ്ങളുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ പൗരത്വഭേദഗതി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തോട് സുപ്രിംകോടതിയുടെ നിസംഗതനിറഞ്ഞ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും.
കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എല്‍ജെഡി ദേശീയ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ്, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ സുധാകരന്‍ ഐഎഎസ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നാടകം, പ്രതിജ്ഞ, ആസാദി മുദ്രാവാക്യങ്ങള്‍, പോരാട്ട പ്രദര്‍ശനങ്ങള്‍ തുടങ്ങിയ ആവിഷ്‌കാരങ്ങള്‍ വേദിയില്‍ അരങ്ങേറും.