വിപ്പ് ലംഘനം; റോഷി അഗസ്റ്റിനും എന്‍. ജയരാജിനും സ്പീക്കറുടെ നോട്ടീസ്
മോന്‍സ് ജോസഫ് നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നോട്ടീസ് നല്‍കിയത്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍. ജയരാജിനും സ്പീക്കറുടെ നോട്ടീസ്. വിപ്പ് ലംഘിച്ചുവെന്ന് കാട്ടി ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫ് നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നോട്ടീസ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്യണമെന്നാണ് മോന്‍സ് ജോസഫ് നല്‍കിയ വിപ്പ്. എന്നാല്‍ ഇരുവരും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കുന്നതടക്കമുള്ള തുടര്‍നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കാനാണ് സ്പീക്കര്‍ നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയുടെ ഔദ്യോഗിക വിപ്പ് റോഷി അഗസ്റ്റിനാണെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട്. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കാട്ടി പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവര്‍ക്ക് റോഷി അഗസ്റ്റിന്‍ വിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത് ഇരുവരെയും അയോഗ്യരാക്കണമെന്ന കാട്ടി നല്‍കിയ പരാതിയിലും സ്പീക്കര്‍ നോട്ടീസയച്ചിരുന്നു. കേരള കോണ്‍ഗ്രസിനുള്ളിലെ ജോസ് കെ. മാണി - പി.ജെ ജോസഫ് തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഈ തര്‍ക്കവും.