സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ച് കാറില്‍ രക്ഷപ്പെട്ട പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍
പെരിന്തല്‍മണ്ണ പരിയാപുരം സ്വദേശിയായ തെക്കേവളപ്പില്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍ (28) ആണ് പിടിയിലായത്.
പെരിന്തല്‍മണ്ണ: മാനത്ത് മംഗലം ബൈപാസില്‍ സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ച് കാറില്‍ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. പെരിന്തല്‍മണ്ണ പരിയാപുരം സ്വദേശിയായ തെക്കേവളപ്പില്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍ (28) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണ സിഐ സി കെ നാസര്‍, എസ്‌ഐ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകംതന്നെ പ്രതിയെ വലയിലാക്കാനായത്. വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസിനു സമീപത്തുള്ള തോട്ടില്‍ തുണി അലക്കുകയായിരുന്നു പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിയായ സ്ത്രീ. പ്രതി കാര്‍ കഴുകാന്‍ വെള്ളമെടുക്കാനെന്ന വ്യാജേന തോട്ടിലിറങ്ങി സ്ത്രീയുടെ മാല പൊട്ടിച്ച് വേഗത്തില്‍ കാര്‍ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയില്‍നിന്ന് ലഭിച്ച അടയാളവിവരങ്ങളുടെയടിസ്ഥാനത്തിലും ബൈപാസിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചും വാഹനത്തെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുത്തനങ്ങാടിയില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രത്യേക അന്വേഷണസംഘത്തില്‍ എഎസ്‌ഐമാരായ അബ്ദുല്‍സലിം, ഷാജഹാന്‍, സിപിഒമാരായ ഷക്കീല്‍, സജീര്‍, മിഥുന്‍, എം കെ വിനീത്, ഐ പി രാജേഷ്, എന്‍ കെ വിനീത് എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞദിവസം വളയം മൂച്ചിയിലും അങ്ങാടിപ്പുറത്തും മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയ കേസുകളിലെ പ്രതികളെയും ചുരുങ്ങിയ സമയത്തിനുളളില്‍ പിടികൂടാന്‍ അന്വേഷണസംഘത്തിന് സാധിച്ചിരുന്നു.