തിരുവനന്തപുരം: അവരവര്‍ താമസിക്കുന്നിടങ്ങളില്‍ കര്‍മനിരതരായി കൊവിഡ് രണ്ടാം തരംഗത്തിലും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തിങ്കളാഴ്ച വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റ് രഞ്ജിത ജയരാജിന്റെ നേതൃത്വത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ഇതിനോടകം ജില്ലയില്‍ 50 ലേറെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിമന്‍ ജസ്റ്റിസ് ഹെല്‍പ്പ് ഡെസ്‌ക് മുഖേന ടെലി കൗണ്‍സലിങ്, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കല്‍, നിരാലംബരായ കുടുംബങ്ങളിലെ വിവിധ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് മരുന്ന് എത്തിക്കല്‍ തുടങ്ങി നൂറിലേറെ കുടുംബങ്ങള്‍ക്ക് ആശ്വാസമാകുവാന്‍ വിമന്‍ ജസ്റ്റിസിന് കഴിഞ്ഞിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ഫാത്തിമ നവാസ്, വൈസ് പ്രസിഡന്റ് ആരിഫാ ബീവി, സെക്രട്ടറിമാരായ ബീബിജാന്‍, രജനി ജയരാജ് തുടങ്ങിയവര്‍ ജില്ലയില്‍ കൊവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.