യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ വനിതകൾ നേരിട്ടു; കരിഓയിലൊഴിച്ച് മാപ്പ് പറയിച്ചു
പ്രതിഷേധത്തിനൊടുവിൽ കേരളത്തിലെ സ്ത്രീകളോട് ഇദ്ദേഹം മാപ്പു പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ മാപ്പുപറയുന്നുവെന്ന് വീഡിയോയിൽ വിജയ് പറയുന്നുണ്ട്.
തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ വീഡിയോകള്‍ പോസ്റ്റു ചെയ്ത ഡോ.വിജയ് പി നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം കരിഓയില്‍ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ കൊണ്ട് പരസ്യമായി മാപ്പും പറയിപ്പിച്ചു. വൈകുന്നേരം തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി നായരുടെ താമസസ്ഥലത്തെത്തിയാണ് ഭാഗ്യലക്ഷ്മിയുടേയും ദിയ സനയുടേയും നേതൃത്വത്തില്‍ ഒരു സംഘം സ്ത്രീകൾ ഇയാളെ കരിഓയില്‍ ഒഴിച്ചത്. പ്രതിഷേധത്തിനൊടുവിൽ കേരളത്തിലെ സ്ത്രീകളോട് ഇദ്ദേഹം മാപ്പു പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ മാപ്പുപറയുന്നുവെന്ന് വീഡിയോയിൽ വിജയ് പറയുന്നുണ്ട്.
സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തിയ വീഡിയോകൾ സ്ത്രീ സംഘം സംഭവസ്ഥലത്തുവെച്ച് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിക്കുന്നതും വീഡിയോയിൽ കാണാം. ആക്ടിവിസ്റ്റുകൾ തന്നെയാണ് വിജയ് പി നായരെ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിജയ് പി നായരുടെ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോകള്‍ യൂ ട്യൂബില്‍ ആയിരക്കണക്കിനാളുകളാണ് കണ്ടിരുന്നത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ താവളത്തില്‍ നിന്ന് ലാപ്ടോപും മൊബൈലും മറ്റും പിടിച്ചെടുത്ത ആക്ടിവിസ്റ്റുകള്‍ തമ്പാനൂർ പോലിസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ഇരുകൂട്ടരും നിലവിൽ തമ്പാനൂർ പോലിസ് സ്റ്റേഷനിലുണ്ട്. ഇതുവരെ കേസ് എടുത്തില്ലെന്നും നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും പോലിസ് അറിയിച്ചു. പോലിസിൽ നിന്നും നീതി ലഭിച്ചില്ലെന്നും കയ്യേറ്റം ചെയ്തതിൻ്റെ പേരിൽ ജയിലിൽ പോവാൻ തയ്യാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.