ലോക കേരളസഭ: കുവൈത്തില്‍ നിന്നും രാജി തുടരുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച പിന്നാലെ കുവൈത്തിലെ ഒഐസിസി നേതാവ് വര്‍ഗീസ് പുതുക്കുളങ്ങര അംഗത്വം രാജിവച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കുവൈത്തില്‍ നിന്നുള്ള മറ്റൊരു പ്രതിനിധികൂടി രാജി പ്രഖ്യാപിച്ചത്.

Update: 2019-07-01 09:29 GMT

കുവൈത്ത്: മുന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും കുവൈത്ത് കെഎംസിസി പ്രസിഡന്റുമായ ഷറഫുദ്ദീന്‍ കണ്ണേത്ത് ലോക കേരസഭ അംഗത്വം രാജി വെച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച പിന്നാലെ കുവൈത്തിലെ ഒഐസിസി നേതാവ് വര്‍ഗീസ് പുതുക്കുളങ്ങര അംഗത്വം രാജിവച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കുവൈത്തില്‍ നിന്നുള്ള മറ്റൊരു പ്രതിനിധികൂടി രാജി പ്രഖ്യാപിച്ചത്.

മുസ്‌ലിം ലീഗ് പ്രതിനിധിയായി ലോക കേരളസഭയിലംഗമായ ഷറഫുദ്ദീന്‍ കണ്ണേത്ത് തന്റെ രാജി സന്നദ്ധത നേരെത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജിക്കത്ത് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോര്‍ക്ക സിഇഒക്കും അയച്ചതായും അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപീകരിച്ച ലോക കേരളസഭ എന്ന കൂട്ടായ്മ നിലനില്‍ക്കെ, പ്രവാസികളായ ചെറുകിട വ്യവസായികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്യുന്ന പശ്ചാതലത്തില്‍ ഈ ഒരു സഭയില്‍ തുടരുന്നത് താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രവാസി സമൂഹത്തോട് ചെയ്യുന്ന നീതികേടാണ് എന്നതിനാലാണ് രാജിയെന്നും ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു.

അതോടൊപ്പം പ്രളയാനന്തരം വിദേശ രാജ്യങ്ങളില്‍ നിന്നും ലോക കേരളസഭയെ മുന്‍ നിര്‍ത്തി പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയുടെ ഫണ്ടില്‍ നിന്നുള്ള സഹായ വിതരണം നടത്തുന്നതിലുള്ള കാലതാമസം, അവധിക്കാലങ്ങളില്‍ ഈടാക്കുന്ന അമിത വിമാന യാത്രക്കൂലി തുടങ്ങിയ പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായ നടപടികളെടുക്കാനോ, പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക ഏകജാലക സംവിധാനങ്ങളുള്‍പ്പെടെയുള്ള അതോറിറ്റി സ്ഥാപിക്കുക എന്നു തുടങ്ങി അംഗങ്ങളുടെ വിവിധ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുക്കാനോ ലോക കേരളസഭയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കുത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്‌ഐയില്‍ നിന്നും സമാനമായ പീഡനം നേരിടുന്ന കൈരളി ടിവിയുടെ കുവൈത്തിലെ പ്രതിനിധിയായിരുന്ന റെജി ഭാസ്‌കറിനു തന്റെ വ്യവസായ സംരഭവുമായി മുന്നോട്ട് പോകുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടിലുള്ള വിവിധ രാജ്യങ്ങളിലെ കെഎംസിസി നേതാക്കളേയും പ്രവര്‍ത്തകരേയും സമാനമനസ്‌കരായ സംഘടനകളേയും പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News