തൃശൂര്‍: പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വിദ്യാര്‍ഥിനികള്‍ അപകടത്തില്‍ പെട്ട സംഭവത്തിലെ മരണം മൂന്നായി. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പില്‍ ബിനോജ്-ജൂലി ദമ്പതികളുടെ മകള്‍ എറിന് (16) ആണ് ഇന്ന് വൈകീട്ട് മരിച്ചത്. മറ്റു രണ്ടു കുട്ടികള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആന്‍ ഗ്രേസ്, അലീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
നാല് പെണ്‍കുട്ടികളാണ് പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തില്‍ വീണത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. റിസര്‍വോയറില്‍ കാല്‍വഴുതി വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് നാലുപേരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകടത്തില്‍പ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആന്‍ ഗ്രേസും ഐറിനും അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാള്‍ കൂടുന്നതിനാണ് പീച്ചിയിലേക്ക് എത്തിയത്. അപകടത്തില്‍പ്പെട്ട നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ്.