സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞിട്ട് കുത്തിപരിക്കേല്‍പ്പിച്ച് 22 ലക്ഷം കവര്‍ന്ന പത്തു പേര്‍ പിടിയില്‍, യാത്രക്കാരന്റെ മുഖത്തടിച്ച പെപ്പര്‍ സ്േ്രപ നിര്‍ണായകമായ സൂചനയായെന്ന് പോലിസ്
കൊച്ചി: പച്ചക്കറി കമ്പനിയിലെ കാഷ്യറെ സ്‌കൂട്ടറില്‍ നിന്ന് തട്ടിയിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പത്തുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വികെഡി പച്ചക്കറി കടയുടെ ഓഫിസില്‍ നിന്നും കളക്ഷന്‍ തുകയുമായി സ്‌കൂട്ടറില്‍ പോയ കാഷ്യര്‍ ഡേവിസിനെ 2024 ഡിസംബര്‍ 27ന് കാലടിയില്‍ വെച്ച് ആക്രമിച്ച സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. ഡേവിസിനെ ആക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച പെപ്പര്‍ സ്‌പ്രേയുടെ ഉറവിടത്തെ കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളില്‍ എത്താന്‍ സഹായിച്ചതെന്ന് പോലിസ് അറിയിച്ചു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് കുറുപ്പശേരി വീട്ടില്‍ ബോംബ് പ്രസാദ് എന്ന വിഷ്ണുപ്രസാദ് (31), പെരിഞ്ഞനം മൂന്നുപിടിക പുഴങ്കരയില്ലത്ത് വീട്ടില്‍ അനീസ് (22), പുഴങ്കരയില്ലത്ത് വീട്ടില്‍ അന്‍സാര്‍ (49), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടില്‍ അനില്‍ കുമാര്‍ (26), പണിക്കശ്ശേരി വീട്ടീല്‍ സഞ്ജു (26), ലോകമലേശ്വരം പുന്നക്കല്‍ വീട്ടില്‍ ഷെമു (26), പെരിഞ്ഞനം സ്വദേശി നവീന്‍ (18), കണിവളവ് സ്വദേശി അഭിഷേക് (18) മൂന്നു പീടിക സ്വദേശികളായ സല്‍മാന്‍ ഫാരിസ്(18) ഫിറോസ് (18) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
മോട്ടോര്‍സൈക്കിളില്‍ കാലടിയില്‍ എത്തിയ വിഷ്ണുപ്രസാദും അനീസും ബൈക്ക് വട്ടം വച്ച് ഡേവിസിനെ വീഴ്ത്തിയെന്ന് പോലിസ് പറഞ്ഞു. താഴെ വീണ ഡേവിസിന്റെ മുഖത്ത് പെപ്പര്‍ സ്േ്രപ അടിച്ച ശേഷം വയറ്റില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് സീറ്റിനടിയിലെ ബോക്‌സിലുണ്ടായിരുന്ന പണം തട്ടിയെടുത്തു രക്ഷപ്പെട്ടു.
വിഷ്ണു പ്രസാദും അനീസും സഞ്ചരിച്ച യമഹ ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലിസ് അന്വേഷണം നടത്തിയിരുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഈ ബൈക്കുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. സംശയിക്കാന്‍ സാധ്യതയുള്ള എല്ലാവരെയും സംശയിച്ചു. പച്ചക്കറിക്കടയുടെ പണമിടപാടുകളെ കുറിച്ച് അറിയാന്‍ സാധ്യതയുള്ള എല്ലാവരെയും നിരീക്ഷിച്ചു. ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ച പെപ്പര്‍ സ്േ്രപ എവിടെ നിന്നാണ് വാങ്ങിയതെന്നും പോലിസിന് കണ്ടെത്താന്‍ കഴിഞ്ഞു. ഇതാണ് കേസില്‍ നിര്‍ണായകമായത്.
കേസിലെ മൂന്നാം പ്രതി അനില്‍കുമാര്‍ വികെഡി കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നുവെന്ന് പോലിസ് പറഞ്ഞു. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പോലിസ് കഴിഞ്ഞ ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഇയാള്‍ ഇരിഞ്ഞാലക്കുട സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഒന്നാംപ്രതി വിഷ്ണു, രണ്ടാംപ്രതി അനീസ്, നാലാംപ്രതി സഞ്ജു എന്നിവര്‍ മറ്റുചില കേസുകളില്‍ പ്രതികളായി അവിടെയുണ്ടായിരുന്നു.
വികെഡി കമ്പനിയില്‍ നിന്നും ദിവസവും 50 ലക്ഷം രൂപ പുറത്തേക്ക് കൊണ്ടുപോവാറുണ്ടെന്ന് അനില്‍കുമാര്‍ മറ്റുള്ളവരെ അറിയിച്ചു. ഇത് തട്ടിയെടുക്കാന്‍ സംഘം പദ്ധതിയും തയ്യാറാക്കി. പോക്‌സോ കേസില്‍ ജാമ്യം കിട്ടിയ അനില്‍കുമാര്‍ വീണ്ടും കമ്പനിയില്‍ ജോലിക്ക് കയറി. പണം തട്ടാന്‍ വേണ്ട നിരീക്ഷണങ്ങള്‍ നടത്തിയ ശേഷം ജോലിയില്‍ നിന്നും രാജിവെച്ചു. പിന്നീട് പ്രതികളെല്ലാം ഡേവിസിന്റെ പിന്നാലെയായിരുന്നു. ഡേവിസ് എവിടെയൊക്കെ പോവുന്നു എന്നൊക്കെ പ്രതികള്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് ആക്രമണം നടത്തിയത്.
കൊളളയ്ക്ക് ശേഷം പ്രതികള്‍ പലയിടത്തേക്ക് മാറി. വിഷ്ണു, മൈസൂര്‍, ഗോവ, ഡല്‍ഹി, ഹരിദ്വാര്‍, വാരണാസി എന്നിവിടങ്ങളില്‍ കഴിഞ്ഞതിനുശേഷം പഴനിയില്‍ താമസമാക്കി. അനീസിനെ വയനാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നുമാണ് പിടികൂടിയത്. ഒന്നാംപ്രതി ബോംബ് വിഷ്ണു മതിലകം പോലീസ് സ്‌റ്റേഷന്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളാണ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് നാല് കേസുകളും ബോംബ് കൈവശം വച്ചതിന് ഒരു കേസുമുണ്ട്. ഈ കേസിലെ പ്രതികളെല്ലാം മറ്റുനിരവധി കേസുകളിലും പ്രതികളാണെന്ന് പോലിസ് അറിയിച്ചു.