മുട്ടില്‍ മരം കൊള്ള ; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം ; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
ജാമ്യമില്ലാ വകുപ്പായ മോഷണക്കുറ്റം ചുമത്തിയിട്ടും 68 കേസുകളില്‍ പ്രതികളെ അറസ്റ്റു ചെയ്യാതിരുന്നതെന്തുകൊണ്ടാണെന്ന് കോടതി.നിസാരമായ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ചതെന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു
കൊച്ചി: വയനാട് മുട്ടില്‍ മരം കൊള്ളക്കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ജാമ്യമില്ലാ വകുപ്പായ മോഷണക്കുറ്റം ചുമത്തിയിട്ടും 68 കേസുകളില്‍ പ്രതികളെ അറസ്റ്റു ചെയ്യാതിരുന്നതെന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.
നിസാരമായ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ചതെന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. പട്ടയഭൂമിയില്‍ നിന്നു മുറിച്ചതും മുറിച്ചു നീക്കിയതുമായ മരങ്ങളുടെയും എണ്ണം സംബന്ധിച്ചു കലക്ടര്‍മാരില്‍ നിന്നും റവന്യു കമ്മീഷണറില്‍ നിന്നും റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നു അന്വേഷണം സംഘം കോടതിയില്‍ അറിയിച്ചു.
പട്ടയഭൂമിയില്‍ നിന്നും മരം മുറിച്ചവരില്‍ കര്‍ഷകരും ഭൂവുടമകളുമായതുകൊണ്ടാണ് നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ പ്രതികളായ ഏഴു പേരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികളുടെയും പ്രധാന സാക്ഷികളുടെയും ഫോണ്‍ രേഖാ വിശദാംശങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. ഹരജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.