മുട്ടില്‍ മരം മുറിക്കേസ്: അന്വേഷണം പുനരാരംഭിച്ചു
പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ മുറിച്ച മരങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി.
കല്‍പറ്റ: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതു വഴി പ്രതിസന്ധിയിലായ മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം പുനരാരംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ മുറിച്ച മരങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി. സാംപിളുകള്‍ ലബോറട്ടറി പരിശോധ നടത്തിയ ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക. മുറിച്ച് മാറ്റിയ ഈട്ടി മരങ്ങളുടെ ശേഷിക്കുന്ന കുറ്റിയില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിക്കുന്നത്.
കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ച മരങ്ങള്‍ കൃഷിയിടത്തില്‍ നിന്നും മുറിച്ചവ തന്നെയാണോ എന്ന് ലാബിലെ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. ക്രൈം ബ്രാഞ്ച്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നൂറിലധികം തടികളാണ് ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. സാംപിള്‍ ശേഖരണം വരും ദിവസങ്ങളിലും തുടരും.