മുട്ടില്‍ മരംമുറി കേസ്: പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ഡ്രൈവര്‍ വിനീഷ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.
കല്‍പറ്റ: മുട്ടില്‍ മരം മുറിക്കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റു ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു.
കേസിലെ മുഖ്യ സൂത്രധാരന്‍ റോജി അഗസ്റ്റിന്‍, സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ അടക്കം അഞ്ചു പേരെയാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. അമ്മയുടെ സംസ്‌കാരച്ചടങ്ങില്‍ പോലിസ് അകമ്പടിയില്ലാതെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി. അതോടെ പ്രതികള്‍ കോടതിയിലും ബഹളം വച്ചു.
മുഖ്യ പ്രതികളുടെ അമ്മ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികളും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
43 ഓളം കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.