യുവസമൂഹം തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞാല്‍ രാജ്യത്ത് മാറ്റം സാധ്യമാണ്: എം എസ് സാജിദ്
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 14ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിര്‍ശബ്ദങ്ങളെ കായികമായി അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന ചെകുത്താന്‍ കോട്ടകളെ തകര്‍ത്തുകൊണ്ടാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്തെ കലാലയങ്ങളില്‍ ഉദയമെടുത്തത്. കലാലയങ്ങള്‍ കൈയടക്കിയിരുന്ന സംഘടനകളുടെ നിറത്തില്‍ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും എല്ലാവരുടെയും സ്വഭാവം ജനാധിപത്യവിരുദ്ധമായിരുന്നു.
ആലപ്പുഴ: വിദ്യാര്‍ഥികളും യുവാക്കളും അവരുടെ യഥാര്‍ഥശക്തി തിരിച്ചറിഞ്ഞാല്‍ രാജ്യത്ത് മാറ്റം സാധ്യമാവുമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ്. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 14ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിര്‍ശബ്ദങ്ങളെ കായികമായി അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന ചെകുത്താന്‍ കോട്ടകളെ തകര്‍ത്തുകൊണ്ടാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്തെ കലാലയങ്ങളില്‍ ഉദയമെടുത്തത്.
കലാലയങ്ങള്‍ കൈയടക്കിയിരുന്ന സംഘടനകളുടെ നിറത്തില്‍ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും എല്ലാവരുടെയും സ്വഭാവം ജനാധിപത്യവിരുദ്ധമായിരുന്നു. അവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കില്‍ പ്രതിരോധമാണ് ആദ്യപാഠമെന്ന് ഇതരവിദ്യാര്‍ഥി സംഘടനകള്‍ കാംപസ് ഫ്രണ്ടില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടു. രാജ്യത്തിന്റെ സമ്പത്തും അധികാരവും വരേണ്യരിലേക്ക് മാത്രം ഏകീകരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞാല്‍ രാജ്യത്ത് അനിവാര്യമായ മാറ്റം സംഭവിക്കുമെന്നും എം എസ് സാജിദ് പറഞ്ഞു.
ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍ എന്ന മുദ്രാവാക്യവുമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കാംപസുകള്‍ക്കൊപ്പം രാജ്യത്തിന്റെ ജനാധിപത്യംകൂടി തിരിച്ചുപിടിക്കേണ്ട വലിയ ചുമതലയാണ് ഇന്നത്തെ വിദ്യാര്‍ഥി സമൂഹത്തിനുള്ളതെന്ന് നാസറുദ്ദീന്‍ എളമരം പറഞ്ഞു. രാജ്യത്തെ പിന്നാക്കക്കാരനും ദലിതനും ന്യൂനപക്ഷങ്ങള്‍ക്കും മുന്നോട്ടുവരാന്‍ പോലും പറ്റാത്ത വിധം മതിലുകള്‍ തീര്‍ത്തിരിക്കുന്നു. സാമ്പത്തിക സംവരണം കൊണ്ടുവരുന്നതിലൂടെ, സമൂഹത്തിലെ വരേണ്യന്റെ കൈയില്‍തന്നെ അധികാരം കേന്ദ്രീകരിച്ചിരിക്കുകയാണ്. പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യം ഓരോ നിമിഷവും ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ഫാഷിസ്റ്റ് അധിനിവേശം തുടച്ചുനീക്കാന്‍ പറ്റിയേക്കും.അതേസമയം, സാംസ്‌കാരിക അധിനിവേശത്തിലൂടെ ഫാഷിസം എല്ലാ മേഖലകളിലും പിടിമുറുക്കിയിരിക്കുകയാണ്. ഈ അധിനിവേശത്തെ വേരോടെ നേരിടാന്‍ രാജ്യത്തെ സാമ്പ്രദായിക രാഷ്ട്രീയ- വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. എ എസ് മുസമ്മില്‍, എസ് മുഹമ്മദ് റാഷിദ്, എം ഹബീബ, എസ് അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.