ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ബയോകെമിസ്ട്രി ആന്റ് ന്യൂട്രിഷ്യന്‍ ഡിവിഷനിലെ ശാസ്ത്രജ്ഞന്‍ ഡോ. നിലാദ്രി ശേഖര്‍ ചാറ്റര്‍ജി, വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഏവിയോണിക്‌സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. സി എസ് അനൂപ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എ എം റമിയ, പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി ആര്‍ ജയനാരായണന്‍ എന്നിവര്‍ക്കാണു പുരസ്‌കാരം.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയ ഗവേഷണ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കാണ് യുവ ശാസ്ത്രജ്ഞ പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാര ജേതാക്കള്‍ക്ക് 50,000 രൂപ കാഷ് അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും നിര്‍ദേശിക്കപ്പെടുന്ന പ്രൊജക്ടുകള്‍ക്കായി 50 ലക്ഷം രൂപ വരെയുള്ള ധനസഹായവും ലഭിക്കും. ഒരു അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നല്‍കും. ഫെബ്രുവരി 10ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ജേതാക്കള്‍ക്കു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.