ബലാല്‍സംഗ ഭീഷണിയിലൂടെ കുപ്രസിദ്ധനായ മഹന്ത് മുനി ഭൂമിയും കയ്യേറി
തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ഉപദ്രവിച്ചെന്നും, തങ്ങളുടെ ഭൂമി തട്ടിയെടുത്തുവെന്നും ആരോപിച്ച് ബജ്‌റംഗ് മുനിക്കെതിരേ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്
ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് മഹന്ത് ബജ്‌റംഗ് മുനി 'ഉദാസിന്‍' ആദ്യമായി സീതാപൂരില്‍ പ്രത്യക്ഷപ്പെട്ടത്. ബലാല്‍സംഗ ഭീഷണിയുടെ പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടംനേടിയ ഹിന്ദു സന്യാസിയുടെ മുന്‍ഗാമികള്‍ ആരെന്നത് അവ്യക്തമാണ്, എന്നിരുന്നാലും 38 കാരനായ മഹന്ത് ഇപ്പോള്‍ ഭൂമി തര്‍ക്കങ്ങളുടെ പേരില്‍ പ്രദേശത്ത് നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.
കുപ്രസിദ്ധനായ ഈ ഹിന്ദു സന്യാസിയുടെ ആശ്രമമായ 'ശ്രീ ലക്ഷ്മണ്‍ദാസ് ഉദസിന്‍' ചുറ്റുവട്ടത്ത് താമസിക്കുന്നതില്‍ ഭൂരിഭാഗവും മുസ് ലിംകളാണ്. ഉത്തര്‍പ്രദേശിലെ ഖൈരാബാദ് പട്ടണത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, നാല് പോലിസുകാര്‍ ഉള്‍പ്പെടെ ആശ്രമത്തിന് ചുറ്റും സീതാപൂര്‍ പോലിസ് സായുധ പോലിസിനെ വിന്യസിച്ചിരിക്കുകയാണ്.
ഖൈരാബാദ് പട്ടണത്തിലെ ഷീഷാ വാലി മസ്ജിദിന് അടുത്താണ് ഒരു കലശ യാത്രയ്ക്കിടെ പ്രസംഗിക്കുമ്പോഴാണ് ബജ്‌റംഗ് മുനി ബലാല്‍സംഗ ഭീഷണി മുഴക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ ഏപ്രില്‍ 8 ന് ബജ്‌റംഗ് മുനി പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തിയിരുന്നു.
തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ഉപദ്രവിച്ചെന്നും, തങ്ങളുടെ ഭൂമി തട്ടിയെടുത്തുവെന്നും ആരോപിച്ച് ബജ്‌റംഗ് മുനിക്കെതിരേ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് അടുത്തിടെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ സീതാപൂര്‍ സദര്‍ സീറ്റില്‍ നിന്ന് പരാജയപ്പെട്ട സാകേത് മിശ്ര പറയുന്നു.
വിദ്വേഷ പ്രസംഗത്തിന് പുറമെ ബജ്‌റംഗ് മുനിക്ക് ഒരു കേസ് കൂടി ഉണ്ടെന്ന് പോലിസ് പറയുന്നു. ബജ്‌റംഗ് മുനി പ്രദേശവാസികള്‍ക്കെതിരെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സിറ്റി (സിതാപൂര്‍) സര്‍ക്കിള്‍ ഓഫീസര്‍ പിയൂഷ് സിങ് പറഞ്ഞു.
200 ഏക്കറോളം ഭൂമി പിടിച്ചെടുത്തത് ബജ്‌റംഗ് മുനിയാണെന്നും ഇപ്പോള്‍ അത് ആശ്രമത്തിന്റെ ഉടമസ്ഥതയിലാണെന്നും നാട്ടുകാര്‍ പറയുന്നു. വിവിധ സമുദായങ്ങളില്‍ പെട്ടവരുടെ കൃഷിഭൂമിയാണ് ഈ ഹിന്ദു സന്യാസി കയ്യേറിയത്. എന്നാല്‍ അധികാരികളാകട്ടെ സന്യാസിയുടെ ആശ്രമത്തിന് അനുകൂലമായാണ് നിലപാട് എടുക്കുന്നത്.
ഖൈരാബാദിലെ ബജ്‌റംഗ് മുനി പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ച് സ്വദേശിയാണെന്നും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം ഒരു എയര്‍ലൈനില്‍ ജോലി ലഭിച്ചു. അപ്പോഴാണ് അദ്ദേഹം ചില 'ആത്മീയ നേതാക്കളുമായി' ബന്ധപ്പെടുകയും ജോലി ഉപേക്ഷിച്ച് ഉദാസിന്‍ അഖാരയില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തത്. സംഘടനയുടെ ഭാഗമായി അദ്ദേഹം പ്രയാഗ്‌രാജ്, നാസിക്, അസംഗഡ് എന്നിവിടങ്ങളില്‍ താമസിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് പ്രദേശവാസിയായ ലൈഖ് ഖാനും സഹോദരന്മാരായ അതിഖ്, സല്‍മാന്‍ എന്നിവരുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ബജ്‌റംഗ് മുനിക്ക് സംരക്ഷണത്തിനായി പോലിസ് ഗണ്‍മാനെ നല്‍കിയിരുന്നു.